അരുവിക്കര : നിക്ഷേപിച്ച തുക തിരികേ നൽകാത്തതിനെത്തുടർന്ന് മുണ്ടേല രാജീവ്ഗാന്ധി റെസിഡെൻസ് വെൽഫെയർ സഹകരണ സംഘത്തിൽ നിക്ഷേപകൻ ഭിന്നശേഷിക്കാരായ മക്കളെയും ഭാര്യയെയുമായെത്തി പ്രതിഷേധിച്ചു. വെള്ളനാട് വാളിയറ അരുവിക്കാമൂഴി ബിജുഭവനിൽ ബാബു (60), ഭാര്യ അൽഫോൺസ, ഭിന്നശേഷിക്കാരായ മക്കൾ ബിജു (35), ഷിജു (32) എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ പ്രതിഷേധവുമായി സംഘത്തിലെത്തിയത്.
സംഘത്തിലെത്തിയ ബാബുവും കുടുംബവും തറയിൽ തുണിവിരിച്ച് കിടപ്പായതോടെ അഞ്ചുമണി കഴിഞ്ഞിട്ടും ജീവനക്കാർക്ക് ഓഫീസ് പൂട്ടി പോകാൻ കഴിഞ്ഞില്ല. 2016-ൽ 17 ലക്ഷം രൂപ നിക്ഷേപിച്ച ബാബുവിന് എട്ടുമാസമായി പലിശ ലഭിച്ചിരുന്നില്ല. നിക്ഷേപിച്ച തുക തിരികേ വേണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
അരുവിക്കര എസ്.ഐ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും പണം ലഭിക്കാതെ തിരികേ പോകില്ലെന്ന നിലപാടിൽ ബാബുവും കുടുംബവും ഉറച്ചുനിന്നു.
തുടർന്ന് അരുവിക്കര സി.ഐ. മുരളീകൃഷ്ണനും സംഘം അഡ്മിനിസ്ട്രേറ്റർ സജിയും ബാബുവുമായി ഫോണിൽ ബന്ധപ്പെട്ടു. സംഘത്തിൽ പണം വരുന്നമുറയ്ക്ക് മാസംതോറും രണ്ടുലക്ഷം രൂപവെച്ച് തിരികേ നൽകാമെന്ന സഹകരണ വകുപ്പ് അസ്റ്റിസ്റ്റന്റ് രജിസ്ട്രാറുടെ ഉറപ്പ് ജീവനക്കാർ എഴുതിനൽകിയതോടെ രാത്രി 8.30-ന് സമരം അവസാനിപ്പിച്ചു.
അസിസ്റ്റൻറ്് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കോടിക്കണക്കിനു രൂപയുടെ തിരിമറി സംഘത്തിൽ നടന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് സംഘത്തിലെ ഭരണസമിതിയെ പിരിച്ചുവിട്ടു. അരുവിക്കര പോലീസ് 32 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group