മാറനല്ലൂർ : കെ.എസ്.ആർ.ടി.സി. ബസിൽവെച്ച് തുടങ്ങിയ പ്രണയം, വിവാഹത്തിലേക്കെത്തിയപ്പോൾ ‘ആനവണ്ടി’യെ മറക്കാത്ത നവദമ്പതിമാർക്ക് മന്ത്രിയുടെ ആദരവ്.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ തമ്പാനൂരിലുള്ള കേരള കോൺഗ്രസ്(ബി) ഓഫീസിൽവെച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാറും, പാർട്ടി പ്രവർത്തകരും ചേർന്ന് നവദമ്പതിമാരായ ചീനിവിള അരുൺനിവാസിൽ അമലിനെയും, അഭിജിതയെയും പൂച്ചെണ്ടും, മധുരപലഹാരങ്ങളും നൽകി ആദരിച്ചു.
പഠിക്കുന്ന കാലത്ത് അമൽ നിവേദനങ്ങളിലൂടെ നേടിയതാണ് ചീനിവിള-അണപ്പാട് വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസ്.
പഠനം കഴിഞ്ഞ് നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ അമൽ ജോലിക്കു പോകുന്നതും ഇതേ ബസിൽത്തന്നെയായിരുന്നു. ബസിലെ സ്ഥിരം യാത്രക്കാരിയായ അഭിജിതയെ പരിചയപ്പെടുന്നതും ഇതേ ബസിൽവെച്ചു തന്നെയാണ്.
ഇരുവരുടെയും സൗഹൃദം വിവാഹത്തിലേക്കെത്തിയപ്പോൾ ആനവണ്ടിയെ മറക്കാൻ അമലിനായില്ല. ചെങ്കൽ മഹാദേവക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന താലികെട്ടിന് ഇതേ ബസ് തിരഞ്ഞെടുത്തതാണ് മന്ത്രിയുടെ ആദരവിന് അർഹമാക്കിയത്.
ഒരുപാട് പേരെ കണ്ടുമുട്ടാനും പരിചയപ്പെടാനും കഴിയുന്നത് ബസിലാണെന്നും ഒരുപാട് സന്തോഷമുണ്ടെന്നും കെ.എസ്.ആർ.ടി.സി.യുടെ എല്ലാവിധ മംഗളാശംസകൾ നേരുന്നുവെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group