വനാതിർത്തിയിൽ ചുറ്റിപ്പറ്റി പുലി; ഉൾക്കാട്ടിലേക്ക് ഓടിക്കാൻ വനപാലകർ; ദൗത്യം തുടങ്ങി

വനാതിർത്തിയിൽ ചുറ്റിപ്പറ്റി പുലി; ഉൾക്കാട്ടിലേക്ക് ഓടിക്കാൻ വനപാലകർ; ദൗത്യം തുടങ്ങി
വനാതിർത്തിയിൽ ചുറ്റിപ്പറ്റി പുലി; ഉൾക്കാട്ടിലേക്ക് ഓടിക്കാൻ വനപാലകർ; ദൗത്യം തുടങ്ങി
Share  
2024 Nov 14, 08:57 AM
VASTHU
MANNAN

കാറഡുക്ക : വനാതിർത്തികളിൽ ആശങ്കയുയർത്തി പുലി കാടിറങ്ങുന്നുവെന്ന വാർത്തകൾക്കിടെ വനംവകുപ്പ് പ്രത്യേക ദൗത്യമാരംഭിച്ചു. ആർ.ആർ.ടി., സെക്‌ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കാറഡുക്ക സംരക്ഷിതവനമേഖലയിലേക്ക് കയറിയത്. ആനയെ തുരത്താനുപയോഗിക്കുന്നതുപോലെ പടക്കംപൊട്ടിച്ചും തകിടിൽ കൊട്ടിയും ആൾക്കൂട്ടത്തിന്റെ ശബ്ദമുണ്ടാക്കിയുമാണ് കാട് കയറിയത്. വനമേഖലയിൽ സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം പുലിയുടെ സഞ്ചാരപാത ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ആ വഴിയിലൂടെ ശബ്ദമുണ്ടാക്കി കടന്നുപോയാൽ പുലി ഉൾക്കാട്ടിലേക്ക് കടക്കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.


ചൊവ്വാഴ്ച കാസർകോട്ടെത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്.ദീപ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.അഷ്‌റഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി.വിനോദ്കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രത്യേക ദൗത്യത്തിന് രൂപം നൽകിയത്. ബുധനാഴ്ച രാവിലെ ഇരിയണ്ണി മഞ്ചക്കലിലെത്തിയ സെക്‌ഷൻ ആർ.ആർ.ടി. ജീവനക്കാർക്ക് ദൗത്യം സംബന്ധിച്ച വിശദീകരണം നൽകിയശേഷം മൂന്ന് സംഘമായി തിരിഞ്ഞാണ് പുലിസാന്നിധ്യം കണ്ട ജനവാസമേഖലകളായ ആലംപറമ്പ്, തൈര-ചാന്ദ്രംപാറ, കല്ലളിക്കാൽ ഭാഗങ്ങളിൽനിന്ന് കാടുകയറിയത്. നാട്ടുകാരുടെ പിന്തുണയും ദൗത്യത്തിനുണ്ടായി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിനോദ്കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ബാബു, കെ.ജയകുമാരൻ, കെ.എ.ബാബു എന്നിവർ നേതൃത്വം നൽകി.


നേരത്തെ കാട്ടാനശല്യം രൂക്ഷമായപ്പോൾ നാട്ടുകാരും വനവകുപ്പും ചേർന്ന് സമാനരീതിയിൽ ആനകളെ തുരത്തിയിരുന്നു. ഈ ഘട്ടങ്ങളിലൊന്നും പുലി വനാതിർത്തികളിലേക്ക് എത്തിയിരുന്നില്ല. ആനശല്യം കുറഞ്ഞതോടെ തുരത്തൽ ദൗത്യം നിലയ്ക്കുകയും കാടിനകത്ത് മനുഷ്യസാമീപ്യം ഇല്ലാതെയുമായി. ഇതോടെയാണ് പുലി ഉൾക്കാട്ടിൽനിന്നിറങ്ങിത്തുടങ്ങിയതെന്ന നിഗമനത്തിലാണ് ദൗത്യം ആരംഭിച്ചത്.


ക്യാമറയിൽ കുടുങ്ങിയത് ആൺപുലി


വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പല സമയങ്ങളിലായി പതിഞ്ഞത് ആൺപുലിയുടെ ദൃശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഒരു അമ്മപ്പുലിയും രണ്ട് കുഞ്ഞുങ്ങളും ഉൾക്കാട്ടിലുണ്ട്. ഇവയുടെ ദൃശ്യങ്ങൾ സമീപകാലത്ത് ലഭിച്ചിട്ടില്ല. ഒരു മാസത്തിലേറെ നീണ്ട ക്യാമറാദൃശ്യങ്ങളുടെ നിരീക്ഷണത്തിൽ ആൺപുലിയുടെ സഞ്ചാരപാത വ്യക്തമാണ്. കാടിനോട് ചേർന്നുള്ള സ്ഥലങ്ങളിലും വനപാതയിലുമാണ് പുലിയെ കാണുന്നത്.


പുലിസാന്നിധ്യം നേരത്തേയുണ്ട്


കാറഡുക്ക സംരക്ഷിതവനമേഖലയിൽ പുലിസാന്നിധ്യം നേരത്തേയുണ്ട്. സമീപകാലത്താണ് വനാതിർത്തികളിലേക്ക് എത്തിത്തുടങ്ങിയത്. വനത്തിനുള്ളിൽ പുലിമടകൾ ഉള്ളതായും വിവരമുണ്ട്. നേരത്തെ ദേലമ്പാടി പഞ്ചായത്തിലെ ചില സ്ഥലങ്ങളിൽ പുലിയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. മാസങ്ങൾക്ക് ശേഷമാണ് പാണ്ടിയിൽ പുലി കെണിയിൽ കുടുങ്ങി ചത്തത്. കഴിഞ്ഞ ദിവസവും പാണ്ടിയിൽ പുലിയെ കണ്ടതായി വിവരമുണ്ട്. കർണാടകവനത്തിൽനിന്നും പുലി ഇപ്പുറത്തെത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

solar
whatsapp-image-2024-11-12-at-22.27.28_81f2ef71
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2