തൃശ്ശൂർ : മേൽപ്പാലങ്ങളുണ്ടെങ്കിലും എളുപ്പവഴി തേടിപ്പോകുന്നവർ അപകടങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നതാണ് റെയിൽവേ ട്രാക്കുകളിലെ അനുഭവം. ജീവൻ നഷ്ടപ്പെടുന്നവരും കാലുകളും കൈകളും നഷ്ടപ്പെട്ട് ഗുരുതരമായി പരിക്കേൽക്കുന്നവരും നിരവധി. അശ്രദ്ധയുടെ ഉദാഹരണമാണ് ബുധനാഴ്ച തൃശ്ശൂരിൽ കണ്ടത്. റെയിൽവേ സുരക്ഷാസേന നിരന്തരം ബോധവത്‌കരണം നടത്തിയിട്ടും പിഴ ഈടാക്കിയിട്ടും ഇതൊന്നും പലരും ശ്രദ്ധിക്കാറില്ല.
തൃശ്ശൂരിൽ രണ്ട് മേൽപ്പാലങ്ങളും ലിഫ്റ്റും എസ്‌കലേറ്ററും ഉണ്ടെങ്കിലും പാളം മുറിച്ചുകടക്കുന്നവർ ധാരാളം. അതിഥിതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കൂട്ടമായി പാളം മുറിച്ചുകടക്കുന്നത് സ്ഥിരംകാഴ്ചയാണ്. പാളത്തിൽ എത്തുമ്പോഴാണ് ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഓടിമാറാനോ പ്ലാറ്റ്‌ഫോമിലേക്ക് കയറാനോ കഴിയാതെ കുടുങ്ങിപ്പോകുന്നവരാണ് അപകടത്തിൽപ്പെടുന്നത്. ഒരാൾ പാളം മുറിച്ചുകടക്കുന്നത് കണ്ടാൽ മറ്റുള്ളവരും ഈ വഴി തിരഞ്ഞെടുക്കും.
മംഗലാപുരം, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് തുടങ്ങിയ ഭാഗങ്ങളിൽനിന്ന് വരുന്ന വണ്ടികളിൽ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തുന്ന യാത്രക്കാർക്ക് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്ക് ലിഫ്റ്റ്, എസ്‌കലേറ്റർ സൗകര്യം ലഭ്യമാണ്. എന്നാൽ, ഇപ്പോൾ ഗുരുവായൂർ-തൃശ്ശൂർ വണ്ടികൾ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് എത്തുന്നത്. ഈ പ്ലാറ്റ്‌ഫോമിലേക്ക് നിലവിൽ എസ്‌കലേറ്ററോ മുൻഭാഗത്ത് ട്രോളി പാതയോ ഇല്ല. ഇതോടെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കും ഇവിടെ ഇറങ്ങുന്നവർക്ക് മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും എത്തുന്നത് ബുദ്ധിമുട്ടാണ്.
സമീപകാലംവരെ ഗുരുവായൂർ പാസഞ്ചർ ട്രെയിനുകൾ തൃശ്ശൂർ സ്റ്റേഷനിലെ മൂന്നാംനമ്പർ പ്ലാറ്റ്‌ഫോമിലാണ് എത്തിയിരുന്നത്.
രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമും മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമും ഒരേ നിരപ്പിലായതിനാൽ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് നേരിട്ട് നടന്നുകയറാനാകും. മണ്ഡലകാലം ആരംഭിക്കുന്നതോടെ കൂടുതൽ തിരക്കേറുന്ന സാഹചര്യത്തിൽ അപകടസാധ്യതയേറെയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group