വയനാട്ടിലെ കുളിരിനൊപ്പമുള്ള വിനോദസഞ്ചാരകാലത്തിനും തുടക്കമാകുകയാണ്. പ്രകൃതിസൗന്ദര്യവും തണുപ്പും ആസ്വദിക്കാൻ ചുരംകയറുന്നവർക്ക് ആതിഥ്യത്തിന്റെ പുതപ്പേകാൻ കെ.എസ്.ആർ.ടി.സി.യുടെ സ്ലീപ്പർബസ് സംവിധാനവും തയ്യാർ. ഒപ്പം കാടുകണ്ട് രാത്രിയാത്രയ്ക്ക് ജംഗിൾസഫാരിയുമുണ്ട്. വളരെക്കുറഞ്ഞ നിരക്കിൽ മികച്ച രാത്രിതാമസമൊരുക്കുന്ന ഈ സംവിധാനം മൂന്നാംവർഷത്തിലേക്ക് കടക്കുമ്പോൾ വിനോദസഞ്ചാരികളും അല്ലാത്തവരുമായി ആയിരക്കണക്കിനാളുകളാണ് ആനവണ്ടിയുടെ ഗൃഹാതുരതയുമായി അന്തിയുറങ്ങിയത്.
2022 സെപ്റ്റംബറിൽ തുടങ്ങിയ സ്ലീപ്പർബസ് സൗകര്യം 20,000-ത്തിലേറെപ്പേർ ഉപയോഗിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെ കൂടാതെ പരീക്ഷ, ഇന്റർവ്യൂ, ഓഫീസ് കാര്യങ്ങൾ തുടങ്ങിയവയ്ക്ക് വിദൂരങ്ങളിൽനിന്നെത്തുന്നവരും ദൂരയാത്രക്കാർ ഇടത്താവളമായും ഉപയോഗിക്കുന്നു.
കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് സ്ലീപ്പർബസുകൾ ഒരുക്കിയത്. ബത്തേരി ഡിപ്പോക്കുള്ളിൽ ഒരുഭാഗത്ത് പഴയ അഞ്ച് ബസുകളുണ്ട്. ഇതിൽ നാലെണ്ണം ഡോർമിറ്ററി മാതൃകയിലും ഒന്ന് ഫാമിലി റൂം മാതൃകയിലുമാണ്. ഡോർമിറ്ററിയിൽ ഒരുബസിൽ 16 പേർക്ക് കിടന്നുറങ്ങാം. ഇവയിൽ ഒരേസമയം 64 പേർക്ക് കഴിയാനാകും. ഒരാൾക്ക് കിടക്കാനുള്ള സ്ഥലത്തിന് 160 രൂപയാണ് നിരക്ക്. വൈകീട്ട് 5.30-ന് ചെക് ഇൻ ചെയ്ത് പിറ്റേന്നുരാവിലെ ഒൻപതിന് ചെക്ക് ഔട്ട് ചെയ്യണം. നാലുപേർ വീതമുള്ള രണ്ട് ഫാമിലിറൂമുകൾക്ക് ഒന്നിന് ആയിരംരൂപയാണ് നിരക്ക്. ഹോട്ടലുകളിലെപ്പോലെ കട്ടിലും കിടക്കയും അടക്കമുള്ള മുറി രൂപത്തിലാണിവ. എല്ലാ ബസുകളും എയർകണ്ടീഷനോടുകൂടിയതാണ്. ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വസ്ത്രംമാറുന്നതിനും സൗകര്യമുണ്ട്. ബസുകൾ നിർത്തിയിട്ട സ്ഥലത്തോടുചേർന്നുള്ള കെട്ടിടത്തിൽ വിശാലവും വൃത്തിയുള്ളതുമായ ടോയ്‌ലറ്റ് സൗകര്യങ്ങളുമുണ്ട്. വാട്ടർപ്യൂരിഫയറിലൂടെ ശുദ്ധീകരിച്ച വെള്ളവും ചൂടുവെള്ളവും ലഭിക്കും. ഡിപ്പോയ്ക്കുള്ളിൽ സുരക്ഷാജീവനക്കാരുടെ ശ്രദ്ധയ്ക്കൊപ്പം സി.സി.ടി.വി. നിരീക്ഷണവും സുരക്ഷയൊരുക്കുന്നതിനാൽ ധൈര്യമായി ഉറങ്ങാം.
മുൻകൂട്ടി ബുക്ക് ചെയ്താൽ ട്രാവലറിലോ ബസുകളിലോ ഒന്നിച്ചെത്തുന്ന മുഴുവൻപേർക്കും കുറഞ്ഞചെലവിൽ താമസിക്കാനാകും. കെ.എസ്.ആർ.ടി.സി.യുടെ മറ്റ് ഡിപ്പോകൾ ഒരുക്കുന്ന വയനാട് യാത്രയിലുള്ളവർക്കും ഇവിടെ താമസസൗകര്യം നൽകുന്നുണ്ട്.പദ്ധതി ഇതുവരെ ഉപയോഗിച്ചത് ഇരുപതിനായിരത്തിലേറെപ്പേർ
കാട്ടിലൂടെയൊരു രാത്രിയാത്രചെയ്യാം
:ബജറ്റ് ടൂറിസം സെൽ വിനോദസഞ്ചാരികൾക്ക് നൽകുന്ന മറ്റൊരുസൗകര്യമാണ് ജംഗിൾ സഫാരി. പ്രത്യേകം രൂപകല്പനചെയ്ത ബസിൽ രാത്രി ഏഴുമുതൽ 11 വരെ വനപ്രദേശത്തുകൂടി യാത്രചെയ്യാം. കാട്ടിലൂടെയുള്ള പാതകളിലൂടെയാണ് യാത്ര. ഭാഗ്യമുണ്ടെങ്കിൽ വന്യജീവികളെയും അടുത്തുകാണാനാവും.
മൃഗങ്ങൾ പതിവായിറങ്ങുന്ന സ്ഥലങ്ങൾകൂടി ഉൾപ്പെടുത്തിയാണ് യാത്ര. ബത്തേരി, മാനന്തവാടി ഡിപ്പോകളിൽ യാത്ര അവസാനിക്കും. യാത്ര തുടങ്ങി തിരിച്ചെത്തുന്നതുവരെ 70 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്.
ഒരാൾക്ക് 300 രൂപയാണ് നിരക്ക്. സ്ഥലങ്ങൾ കാണുന്നതിനൊപ്പം അവയുടെ പ്രത്യേകതകൾ താത്കാലിക ഗൈഡായിമാറുന്ന കണ്ടക്ടർമാർ നൽകും. ഇതിനകം 280-ലധികം യാത്രകൾ ജംഗിൾ സഫാരിയിലൂടെ നടത്തിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ നോർത്ത് സോൺ കോഡിനേറ്റർ സി.ഡി. വർഗീസ് പറഞ്ഞു.
ടൂറിസമാണ് വയനാടിന്റെ ഭാവിപ്രതീക്ഷ. അതിലേക്ക് കെ.എസ്.ആർ.ടി.സി.യുടേതായ സംഭാവനയാണ് ബജറ്റ് ടൂറിസം സെൽ നൽകുന്നത്. ഏഴുലക്ഷത്തോളം ഗുണഭോക്താക്കളുടെ ഡേറ്റാബേസുണ്ട്. ടൂറിസത്തിൽ ബിരുദമുള്ളവരാണ് ബജറ്റ് ടൂറിസം സെല്ലിൽ പ്രവർത്തിക്കുന്നത്. അനുവദിച്ചിട്ടുള്ള റോഡുകളിലൂടെയാണ് ജംഗിൾസഫാരി നടത്തുന്നത്. മറുനാടുകളിൽനിന്ന് എത്തുന്നവർക്ക് വയനാടിന്റെ ടൂറിസം മേഖലയെ പരമാവധി പ്രയോജനപ്പെടുംവിധം യാത്രയും കുറഞ്ഞനിരക്കിൽ താമസസൗകര്യവുമാണ് നൽകുന്നത്. മറ്റ് ആളുകളും സ്ലീപ്പർബസ് സൗകര്യം ഉപയോഗിക്കുന്നുണ്ട്. സുരക്ഷിതമായി പോകാവുന്ന പ്രദേശങ്ങൾ കണ്ടെത്തിയാണ് യാത്ര സജ്ജീകരിച്ചിട്ടുള്ളത്.
പി.കെ. പ്രശോഭ്
(കടപ്പാട് :മാതൃഭൂമി ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group