കോട്ടയ്ക്കൽ : ആര്യവൈദ്യശാലാധർമ്മാശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സജ്ജീകരിച്ച ഫോട്ടോഗാലറി കേന്ദ്ര ഗവ. ആയുഷ് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ച ഉദ്ഘാടനം ചെയ്തു. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ സംഭവിച്ച നവോത്ഥാനമൂല്യങ്ങളുടെയും ആയുർവേദ നവോത്ഥാനത്തിന്റെയും ആവിഷ്‌കാരമാണ് ഫോട്ടോഗാലറിയിൽ ആലേഖനം ചെയ്തിട്ടുള്ളത്. ചരിത്രാതീതകാലം മുതലുള്ള ആയുർവേദത്തിന്റെ ആവിർഭാവം, ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ ആയുർവേദം നിർവഹിച്ച പങ്ക് എന്നിവ ചുവർചിത്രരചനാസങ്കേതത്തിലൂടെയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കേരളീയ ആയുർവേദം പിന്നിട്ട വഴികളും ആയുർവേദത്തിന് വൈദ്യരത്‌നം പി.എസ്. വാരിയർ നൽകിയ സംഭാവനകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ആയുർവേദ ഡോക്ടർമാർ, വൈദ്യവിദ്യാർഥികൾ, ചരിത്രവിദ്യാർഥികൾ, സ്‌കൂൾ വിദ്യാർഥികൾ എന്നിവർക്കും സാധാരണജനങ്ങൾക്കും ഉപകാരപ്രദമായ അറിവുകൾ പങ്കിടലാണ് ഫോട്ടോഗാലറിയിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ, ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരൻ, ഡോ. പി. രാംകുമാർ, ഡോ. സുജിത് എസ്. വാരിയർ, കെ.ആർ. അജയ്, ജോയിന്റ് ജനറൽ മാനേജർമാരായ യു. പ്രദീപ്, പി. രാജേന്ദ്രൻ, ഷൈലജ മാധവൻകുട്ടി (ഹെഡ്, മെറ്റീരിയൽസ്), ഇന്ദിരാ ബാലചന്ദ്രൻ (പ്രോജക്ട് ഡയറക്ടർ, സി.എം.പി.ആർ.), ചാരിറ്റബിൾ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ലേഖ, ഡോ. പി. ബാലചന്ദ്രൻ (മെഡിക്കൽ അഡ്വൈസർ- മോഡേൺ മെഡിസിൻ, ചാരിറ്റബിൾ ഹോസ്പിറ്റൽ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച നടക്കുന്ന 61-ാമത് ആയുർവേദ സെമിനാർ കോട്ടയ്ക്കൽ ധർമ്മാശുപത്രിയിൽ കേന്ദ്ര ആയുഷ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ച ഉദ്ഘാടനം ചെയ്യും. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ അധ്യക്ഷത വഹിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group