പാലക്കാട്: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസെത്തി പരിശോധന നടത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണിപ്പോള്‍.
ഉപതിരഞ്ഞെടുപ്പിന് ജനങ്ങളെ സ്വാധീനിക്കന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അനധികൃതമായി പണമെത്തിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു രാത്രി 12 മണിയോടെ പോലീസ് മുന്നറിയിപ്പില്ലാതെ വനിതാ നേതാക്കളുടെയടക്കം മുറികളിലെത്തി പരിശോധന നടത്തിയതെന്നാണ് പറയുന്നത്.
കാറില്‍ പണമെത്തിച്ചെന്നായിരുന്നു ആരോപണം. സംഭവസമയം സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലുണ്ടായിരുന്നെന്ന് സി.പി.എം-ബി.ജെ.പി നേതാക്കള്‍ ആരോപിക്കുകയും ചെയ്തു.
ആദ്യം ബിന്ദു കൃഷ്ണയുടെ മുറിയില്‍
കോണ്‍ഗ്രസ് നേതാവായ ബിന്ദുകൃഷ്ണയുടെ മുറിയിലാണ് പോലീസ് ആദ്യം പരിശോധന നടത്തിയത്. പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പരിശോധന നടത്തി. എന്നാല്‍, വനിതാപോലീസ് ഇല്ലാതെ പരിശോധന നടത്താന്‍ പറ്റില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുക്കയും ചെയ്തു. പാലക്കാട്ടെ കെ.പി.എം ഹോട്ടലിലായിരുന്നു പരിശോധന നടന്നത്. ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ളവര്‍ ശക്തമായ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കമെത്തി പ്രതിഷേധിച്ചു.
ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് എഴുതി നല്‍കി. രാത്രി ഒന്നരയോടെ ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും വലിയ പ്രതിഷേധമാണ് സംഭവ സ്ഥലത്തുയർന്നത്.
കള്ളപ്പണ ഇടപാടിലാണ് പരിശോധനയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് പോലീസ് നിലപാട് മാറ്റി പതിവ് പരിശോധന എന്ന് വിശദീകരിച്ചു. സ്ത്രീകളടക്കമുള്ളവരുടെ മുറിയിലേക്ക് പോലീസ് മുന്നറിയിപ്പില്ലാതെ കയറിവന്നത് പ്രതിഷേധത്തിനിടയാക്കിയതോടെ പോലീസ് പ്രതിരോധത്തിലായി.
രാത്രി 12 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്നേകാല്‍വരെ നീണ്ടു. എന്നിട്ടും ഒന്നും കണ്ടെത്താനായില്ലെന്നതും പോലീസിന് തിരിച്ചടിയാണ്.
യൂണിഫോം ഇല്ലാതെയാണ് പോലീസ് എത്തിയതെന്നും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും മുറിയിലേക്ക് പോലീസ് ഇടിച്ചുകയറിയെന്നും വനിതാനേതാക്കള്‍ ആരോപിക്കുന്നുണ്ട്
കള്ളപ്പണക്കാരാണെന്ന പ്രതീതിയുണ്ടാക്കാന്‍ ശ്രമം- ബിന്ദു കൃഷ്ണ
സ്വാഭാവിക പരിശോധനയെന്നാണ് പോലീസ് പറയുന്നതെങ്കില്‍ എന്തുകൊണ്ട് എല്ലാ മുറികളും പോലീസ് പരിശോധിക്കാതിരുന്നതെന്നാണ് ബിന്ദു കൃഷ്ണ ചോദിക്കുന്നത്. തന്റെ മുറിയല്ലാതെ മറ്റൊരു മുറിയും പോലീസ് തുറന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. എല്ലാ മറികളിലും പണമുണ്ടോയെന്ന്് പോലീസ് പരിശോധിക്കണമെന്നും പണം കണ്ടെത്തിയോ എന്ന കാര്യം എഴുതി നല്‍കണമെന്നും വി.കെ ശ്രീകണ്ഠന്‍ എം.പിയും ഷാഫി പറമ്പില്‍ എം.പിയും ആവശ്യപ്പെട്ടെങ്കിലും ഇതിന് പോലീസ് തയ്യാറായില്ല.
വനിതാനേതാക്കളുടെ മുറിയിലേക്കടക്കം മുന്നറിയിപ്പില്ലാതെ പോലീസ് അതിക്രമിച്ചു കടന്നുകയറിയെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ ചെറുത്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. നടപടി ആവശ്യപ്പെട്ട് സി.പി.എം, ബി.ജെ.പി. പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥിതി കലുഷിതമായി. ഇതിനിടെ കോണ്‍ഗ്രസ്- സി.പി.എം. പ്രവര്‍ത്തകര്‍ തമ്മില്‍ പലതവണ ഏറ്റുമുട്ടി.
സംഭവസമയം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കുട്ടത്തിലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലുണ്ടായിരുന്നതായി സി.പി.എം, ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചിരുന്നു.
രാഹുല്‍ കോഴിക്കോട്ട്
രാത്രി 12-ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ 3.15 വരെ തുടര്‍ന്നു. 12 മുറികള്‍ പരിശോധിച്ചു.
എ.എസ്.പി. അശ്വതി ജിജിയടക്കം വലിയ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടും പ്രവര്‍ത്തകരെ നിയന്ത്രിക്കാനായില്ല. പണം കൊണ്ടുവന്നശേഷം, ജ്യോതികുമാര്‍ ചാമക്കാലയും ഷാഫി പറമ്പിലും വി.കെ. ശ്രീകണ്ഠനും ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ടെന്ന് സി.പി.എമ്മും ബി.ജെ.പി.യും ആരോപിച്ചു.
സ്ഥാനാര്‍ഥി രാഹുല്‍മാങ്കൂട്ടത്തില്‍ ഹോട്ടലിനകത്ത് ഇരിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചു.
തൊണ്ടിമുതല്‍ ഒളിപ്പിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതെന്നും അവരെ അറസ്റ്റുചെയ്ത് പരിശോധിക്കണമെന്നും എ.എ. റഹീം, വസീഫ് ഉള്‍പ്പെടെയുള്ള ഡി.വൈ.എഫ്.ഐ. നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇതിനിടെ താന്‍
കോഴിക്കോട്ടുണ്ടെന്ന് അറിയിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍മാങ്കൂട്ടത്തില്‍ ചാനലുകളിലൂടെ ലൈവ് വീഡിയോ പുറത്തുവിട്ട് രംഗത്തെത്തി.
കാന്തപുരത്തെ കാണുന്നതിനാണ് കോഴിക്കോടെത്തിയതെന്നും ട്രോളി ബാഗില്‍ താന്‍ പണം കടത്തിയെന്ന ആരോപണം ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും ഡീലിന്റെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്തെ സ്വാഭാവിക പരിശോധനയാണ് നടത്തിയതെന്നും ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ട് കൈമാറുമെന്നും തുടര്‍നടപടിയില്ലെന്നും എ.എസ്.പി. അശ്വതി ജിജിയും പറഞ്ഞു.
സി.സി.ടി.വി ദൃശ്യം പരിശോധിക്കണം- സി.കൃഷ്ണകുമാര്‍
പണം ട്രോളിബാഗിലാക്കിയാണ് കൊണ്ടുവന്നതെന്നും സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പരിശോധിക്കണമെന്നും എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
പണം മാറ്റാനുള്ള എല്ലാ സൗകര്യവും ഒരുക്കിയശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. നൂറ് റൂമുകളുള്ള ഹോട്ടലില്‍ ആകെ 12 മുറികളില്‍ മാത്രമാണ് പോലീസ് പരിശോധന നടത്തിയത്. എന്തുകൊണ്ടാണ് ബാക്കി മുറികളും പരിശോധിക്കാതിരുന്നതെന്നും കൃഷ്ണകുമാര്‍ ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയായ ആളാണ് പണം കൊണ്ടുവന്നതെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
News courtesy: mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group