കാഞ്ഞങ്ങാട് : ലേലം നടത്തും മുൻപ് നഗരസഭ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ലേലം പിടിച്ചവർ നഗരസഭ ഓഫീസിലെത്തി പ്രതിഷേധമറിയിച്ചു.
അലാമിപ്പള്ളി ബസ് സ്റ്റാൻഡ് വ്യാപാര കെട്ടിടസമുച്ചയത്തിലെ കടമുറികൾ ലേലത്തിൽ പിടിച്ചവരാണ് നഗരസഭ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്. കോട്ടച്ചേരിയിലെ പഴയ സ്റ്റാൻഡ് അടച്ചിട്ട് അലാമിപ്പള്ളി ബസ് സ്റ്റാൻഡിൽനിന്ന് ബസുകളുടെ പൂർണ സർവീസ് തുടങ്ങുമെന്നായിരുന്നു ലേലവേളയിൽ നഗരസഭ അറിയിച്ചത്.
രണ്ടുലക്ഷം മുതൽ 30 ലക്ഷം വരെയുള്ള തുക സ്ഥിരനിക്ഷേപമായി നടത്തിയാണ് ഫെബ്രുവരിയിൽ ലേലം നടന്നത്. നിലവിൽ സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന ബസുകൾ സ്റ്റാൻഡിൽ കറങ്ങി പോകുന്നെന്നതൊഴിച്ചാൽ ഇവിടെയൊന്നുംതന്നെ നടപ്പായില്ല.
നിലവിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കോട്ടച്ചേരി സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് മലയോര ബസുകൾ ഉൾപ്പെടെയുള്ളവ കാഞ്ഞങ്ങാട് പട്ടണം വഴിയുള്ള സർവീസുകളെല്ലാം നടക്കുന്നത്.
എന്തിന് വെറുതെ വാടക കൊടുക്കണം?
ആൾപെരുമാറ്റമില്ലാത്ത ബസ്‌സ്റ്റാൻഡിൽ കട തുറന്നുവച്ചാൽ എന്തു കിട്ടാനെന്നാണ് ലേലം പിടിച്ചവർ ചോദിക്കുന്നത്.
കറങ്ങിത്തിരിഞ്ഞു പോകുന്ന ബസ്സുകളെ നോക്കി ഇരുന്നാൽ നഗരസഭയ്ക്ക് നൽകാനുള്ള വാടകത്തുക കിട്ടുമോയെന്നും ചോദിക്കുന്നു.
കടമുറികളുടെയും ശൗചാലയങ്ങളുടെയും ശുചീകരണകാര്യത്തിൽ നഗരസഭ നൽകിയ ഉറപ്പും പാഴ്വാക്കായതായി കടയുടമകൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ നഗരസഭാധ്യക്ഷയുടെ പ്രതികരണം തേടിയെങ്കിലും മറുപടി കിട്ടിയില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group