നിയന്ത്രണങ്ങൾകൊണ്ട് ശ്വാസം മുട്ടിക്കാതിരുന്നാൽ ഇനിയും നന്നാകും
വണ്ണപ്പുറം: എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തിഗ്രാമമാണ് ഒടിയപാറ. തൊട്ടടുത്തുതന്നെ മണിപ്പാറ. വീട് ഇടുക്കിയിലും കൃഷിസ്ഥലം എറണാകുളത്തും തിരിച്ചും ഉള്ളവർ ഇവിടെയുണ്ട്. ജനനിബിഡമായ ഈ പ്രദേശത്ത് തൊഴിലാളികളും കർഷകരുമാണ് ഏറെ. വന്യമൃഗശല്യംകൊണ്ടും വനംവകുപ്പിന്റെ നിയന്ത്രണംകൊണ്ടുമാണ് ഗ്രാമം ശ്വാസം മുട്ടുന്നത്. എന്നാൽ, അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് ഇവിടെ വികസനം എത്തിയിരിക്കുന്നത്.
ഈ റോഡുകൾ നന്നാകണം
ഒടിയപാറയിൽ വനംവകുപ്പിന്റെ ആഞ്ഞിലി പ്ലാന്റേഷനുണ്ട്. ഇതിനപ്പുറം 12 കുടുംബങ്ങളുണ്ട്. ഇവർക്ക് പ്ലാന്റേഷനിലൂടെയാണ് വഴി. എന്നാൽ, ഈ റോഡ് നന്നാക്കാൻ വനംവകുപ്പ് തടസ്സം നിൽക്കുകയാണ്. വണ്ണപ്പുറം പഞ്ചായത്ത് ഫണ്ട് അനുവദിച്ചു. എന്നാൽ, വനംവകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ പണി നടക്കുന്നില്ല. ഇപ്പോൾ ഫണ്ടും അനുവദിക്കുന്നില്ല. 12 കുടുംബങ്ങൾ രണ്ട് കിലോമീറ്റർ മൺപാതയിലൂടെ വേണം പുറംലോകത്ത് എത്താൻ.
ഒടിയപാറ-മുള്ളൻകുത്തി റോഡ് തകർന്ന് തരിപ്പണമായിക്കിടക്കുകയാണ്. എന്നാൽ, ഈ റോഡ് നന്നാക്കാൻ തടസ്സം വനംവകുപ്പല്ല. ത്രിതല പഞ്ചായത്തുകൾ ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതാണ്. ജില്ലാപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഈ റോഡ് നന്നാക്കാൻ അനുവദിച്ചെന്നാണ് അറിയുന്നത്. നന്നാകുമായിരിക്കും. ഒടിയപാറ-മണിപ്പാറ റോഡിന്റെ അരിക് കോൺക്രീറ്റ് ചെയ്തതിന് കരാറുകാരനും ഉദ്യോഗസ്ഥർക്കും എതിരേ വനംവകുപ്പ് കേസെടുത്തിരുന്നു.
കളിസ്ഥലംപോലും വിലക്കി
ഒടിയപാറയിൽ അരപ്പതിറ്റാണ്ടിലേറെയായി നാട്ടുകാർ വോളിബോൾ കളിക്കുന്ന മൈതാനമുണ്ടായിരുന്നു. വനംവകുപ്പ് ഇവിടത്തെ വോളിബോൾ കളി വിലക്കി. തങ്ങളുടെ സ്ഥലമാണെന്ന് പറഞ്ഞായിരുന്നു വനംവകുപ്പിന്റെ നടപടി. ഇപ്പോൾ പ്രദേശത്ത് വോളിബോൾ കളിക്കാൻ സ്ഥലമില്ല. താഴെ ചെറിയ മൈതാനം കുട്ടികൾ സജ്ജമാക്കിയിട്ടുണ്ട്.
അവിടെ ഫുട്ബോൾ കളിക്കും. എങ്കിലും തങ്ങളുടെ പഴയ മൈതാനത്തിൽ വോളിബോൾ കളി തുടരാൻ അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വനംവകുപ്പിൽനിന്ന് ഈ സ്ഥലം വിലയ്ക്ക് വാങ്ങാൻ പഞ്ചായത്ത് ശ്രമം തുടങ്ങിയിട്ടുണ്ട്. അക്കാര്യം ശരിയായാൽ വീണ്ടും വോളിബോൾ കോർട്ട് ഉണരും. മുൻപ് സാധാരണ ടൂർണമെൻറുകൾ നടന്ന മൈതാനമാണ്.
വന്യമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടി
കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി-ഒടിയപാറക്കാരുടെ പേടിസ്വപ്നമാണ് ഈ മൂന്ന് കാട്ടുമൃഗങ്ങൾ. ഒരു മുളപോലും ബാക്കിവെയ്ക്കാതെ കൃഷി മുഴുവൻ നശിപ്പിക്കും. തേങ്ങപോലും ബാക്കിവെയ്ക്കില്ല. ഈ പ്രശ്നം പരിഹരിക്കാൻ വനംവകുപ്പ് നടപടിയും എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരാതി പറഞ്ഞാലും ഫലമൊന്നുമില്ല.
ഇതൊക്കെയുണ്ട്
:ഒടിയപാറയിലെ രണ്ട് റോഡുകൾ ഒഴികെ മറ്റ് ഗ്രാമീണ റോഡുകളെല്ലാം നല്ല നിലവാരത്തിലാണ്. 534 കുടുബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ചില കുടുംബങ്ങൾക്കൊഴിച്ച് ബാക്കിയെല്ലാവർക്കും അടച്ചുറപ്പുള്ള വീടുണ്ട്. ലൈഫ് പദ്ധതി നല്ല രീതിയിൽ നടന്ന വാർഡാണ് ഇത്.
രണ്ട് അങ്കണവാടികളിൽ ഒന്നിന്‍റെ കെട്ടിടം നല്ലതാണ്. മറ്റൊന്നിന്റെ കെട്ടിടം പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
മൂന്ന് കിലോമീറ്റർ അകലെയുള്ള വണ്ണപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം എറണാകുളം ജില്ലയിലുള്ള കടവൂർ ആശുപത്രിയിലേക്കും ഇവർക്ക് എളുപ്പം പോകാം. ഗതാഗതസൗകര്യവും മോശമില്ല. കുടിവെള്ളക്ഷാമമുള്ള മേഖലയാണ്. എന്നാൽ, ജല അതോറിറ്റിയുടെ വെള്ളം മുടക്കമില്ലാതെ എല്ലാ വീടുകളിലും കിട്ടും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group