മധുമന്ത്രണംപോലെ ,
സുഗന്ധ സംഗീതംപോലെ
ഒരു വാത്സല്യം
: ദിവാകരൻ ചോമ്പാല
തലച്ചോറിൽ പ്രണയം പൂവിട്ടുണരുകയും ഹൃദയത്തിൽ പരിമളം പരക്കുകയും ചെയ്യുന്ന യൗവനത്തുടിപ്പിൽ അക്ഷരങ്ങളിൽ സംഗീതം കൊണ്ട് മധുരം പൂശി നാടുനീളെ മധുമഴപെയ്യിച്ച ഒരിളം പ്രായക്കാരൻ പാട്ടെഴുത്തുകാരൻ സഹൃദയൻ അറക്കിലാട്ടുകാരുടെ അഭിമാനമായി ,ദേവദുന്ദുഭിയായി വടകരയിലുണ്ട് .
അന്നും ഇന്നും ഇ .വി .വത്സൻ എന്ന പാട്ടെഴുത്തുകാരൻ ,സംഗീതക്കാരൻ വടകരക്കാരുടെ പ്രിയപുത്രൻ തന്നെ.
നഷ്ട്ടപ്രണയത്തിൻ്റെ, നഷ്ട്ട സൗഭാഗ്യത്തിൻ്റെ തീരാനൊമ്പരവും വിങ്ങലും കൊണ്ട് മനസ്സ് കലുഷിതമായ കാമുകി കാമുകന്മാർ പോയകാലങ്ങളിൽ കാതോർത്ത് കാതോർത്ത് കണ്ണുകൾ ഈറനണിഞ്ഞ ഒരു ശോക ഗാനമുണ്ടായിരുന്നു ...''
''കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ ''
പോയകാലത്തിൻ്റെ മധുരം കിനിയുന്ന ഓർമ്മകളെ അയവിറക്കാനും ഗൃഹാതുരത്വത്തിൻ്റെ മധുരസ്മരണകളെ വിസ്‌മൃതിയിൽ നിന്ന് ചികഞ്ഞെടുക്കാനും പലർക്കും ഈ ഗാനം പഴയകാലങ്ങളിൽ ഒരു നല്ല നിമിത്തവും നിയോഗവുമായിരുന്നു .
ഒരർത്ഥത്തിൽ പറഞ്ഞാൽ അതൊരു ജനപ്രിയഗാനമായിരുന്നു .
ജനങ്ങൾ എക്കാലവും നെഞ്ചിലേറ്റിയ , കാലം മറക്കാത്ത ആയിരത്തിലേറെ ലളിതഗാനങ്ങൾ ആറ് പതിറ്റാണ്ടിനുള്ളിൽ സംഗീതാസ്വാദകരുടെ കാതുകളിലൂടെ മനസ്സുകളിലേക്ക് സന്നിവേശിപ്പിക്കുവാൻ
ഇ .വി .വത്സൻ മാഷ് എന്ന അത്ഭുത പ്രതിഭയ്ക്ക് കഴിഞ്ഞിരുന്നുവെന്ന സത്യം പുതിയ തലമുറക്കാർ അറിയാതെ പോകരുത് .
അക്കാലങ്ങളിൽ കാസറ്റ് വിൽപ്പനയിൽ ചൂടപ്പംപോലെ വിറ്റുപോയ കാസറ്റാണ് വത്സൻ മാഷിൻ്റെ മധുമഴ .
ശാസ്ത്രീയസംഗീതത്തിൻ്റെ ആധികാരിക അറിവോ മികവോ അശേഷമില്ലാതെ രാഗതാള ലയ വിന്യാസങ്ങളെ ക്കുറിച്ചുള്ള ശാസ്ത്രീയമായ അവബോധം അശേഷമില്ലാത്ത ഒരാൾക്ക് ഇത്തരത്തിലുള്ള
ജനപ്രിയ ഗാനങ്ങൾ എങ്ങിനെ എഴുതി ചിട്ടപ്പെടുത്താൻ കഴിഞ്ഞുവെന്ന് ചിന്തിക്കുമ്പോഴാണ് ഇ .വി. വത്സൻ മാഷ് എന്ന പാട്ടെഴുത്തുകാരൻ അത്ഭുതപ്രതിഭയും അതുല്യനുമായി മാറുന്നത് .
ഗാനരചയിതാവെന്ന പൊതു ബോധത്തിനും ആരാധയ്ക്കും ജനപ്രീതി അപ്പുറം അർഹിക്കുന്ന ബഹുമതികൾ അദ്ദേഹത്തെ തേടിയെത്താത്തതിൽ അശേഷം പരാതിയോ പരിഭവമോ അദ്ദേഹത്തിനില്ലെങ്കിലും അദ്ദേഹത്തെ സ്നേഹിക്കുന്ന ,ആരാധനയോടെ നോക്കിക്കാണുന്ന ആസ്വാദക ലക്ഷങ്ങൾക്കുണ്ടെന്നത് പറയാതെ വയ്യ .പറഞ്ഞേ തീരു ...
' കഴിഞ്ഞുപോയ കാലത്തിനോട് കലഹിക്കാതെ 'മൊഴിചൊല്ലിപ്പിരിയാതെ, ' ശുഭ പ്രതീക്ഷ കൈവിടാതെ മധുമഴതന്ന മധുര ജന്മവുമായി അമ്മക്കുയിലിൻ്റെ കൂവൽ കേട്ടുണരുരാൻ കൊതിക്കുന്ന വത്സൻ മാഷ് പാട്ടു വഴിയിലൂടെ ബഹുദൂരം മുന്നോട്ടുതന്നെ യാത്രതുടരുന്നു ..തളരാത്ത മനസ്സും ഇടറാത്ത ശബ്ദവുമായി ;
ഏകദേശം നാൽപ്പതു വർങ്ങൾക്ക് മുൻപാണ് GSV ചാനൽ വടകര കേന്ദ്രമായി ശുഭാരംഭം കുറിച്ചത്. പരേതനായ GSV രാജൻ്റെ നിയന്ത്രണത്തിൽ .
കേരളത്തിലെ ആദ്യത്തെ സിറ്റി ചാനലായിരുന്നു GSV ചാനൽ ഉൾനാടൻ ഗ്രാമങ്ങളിലെ തിറയുത്സവം തുടങ്ങി പരിസരങ്ങളിലെ ഒട്ടുമുക്കാൽ പരിപാടികളും ലൈവ് ആയി രാജൻ നാട്ടുക്കാരിലെത്തിച്ചതും ഈ ചാനലിലൂടെ .
വടകര ലാലും വത്സൻമാഷും രാജനും എല്ലാം കൂട്ടുചേർന്നു മധുമഴ ചാനലിൽ ടെലികാസ്റ്റ് ചെയ്തതും കഴിഞ്ഞ കാലത്തെ ഓർമ്മകൾ .
വടകരയിലെ പി .എം .രാജൻ്റെ പീയം ഇലക്രോണിക്‌സ് എന്നസ്ഥാപനത്തിൽ നിന്നാണ് ഈ കാസറ്റ് എത്രയോ വർഷങ്ങൾക്ക് മുൻപ് ഞാൻ വാങ്ങിയത് .
എന്റെ മാന്യസുഹൃത്ത് കൂടിയായ പി എം രാജനും ഇന്നില്ല .കഴിഞ്ഞു പോയ കാലത്തെ മറ്റൊരോർമ്മ.
ഏതു തിരക്കിനിടയിലും നിറഞ്ഞപുഞ്ചിരിയുമായി അഹങ്കാരലേശമില്ലാത്ത മനസ്സുമായി സൗമ്യസാന്നിധ്യമായിരുന്ന GSV രാജനും ഇന്ന് നമ്മോടൊപ്പമില്ല .കഴിഞ്ഞു പോയ കാലത്തെ ഓർമ്മകളിൽ അദ്ദേഹവും ജീവിക്കുന്നു .
വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന സാഗർ കോളേജിലെ അദ്ധ്യാപകൻ കൂടിയാണ് ഇദ്ദേഹം .
ഇരുപതാം വയസ്സിൽ ൽ അദ്ദേഹം എഴുതിയ പാട്ട് വെള്ളിത്തിരയിലെത്തി യതാവട്ടെ അദ്ദേഹത്തിന്റെ എഴുപതാമത്തെ വയസ്സിൽ !
വത്സൻ മാഷിനെ സ്നേഹിക്കുന്ന വത്സൻ മാഷിൻറെ ഗാനങ്ങൾ ഇഷ്ട്ടപ്പെടുന്ന വടകരയിലെ സുമനസ്സുകളായ ഒരുകൂട്ടം സുഹൃത്തുക്കൾ '' മധുമഴ തന്നെ മധുരജന്മം '' എന്നപേരിൽ സാമാന്യം വലിയൊരു പുസ്‌തകം പ്രകാശനം ചെയ്യുന്നതായറിയുന്നു . സന്തോഷം . നമുക്കും ആ കൂട്ടായ്മയിൽ കണ്ണികളാവാം.
സ്വന്തമായി പുസ്തകം വാങ്ങാം.
ഇഷ്ട്മുള്ള സുഹൃത്തുക്കൾക്ക് ഉപഹാരമായി നൽകാം
വായനശാലകൾക്കോ സ്‌കൂളുകൾക്കോ നൽകാം .
സ്വമനസ്സാലെ ...നിറഞ്ഞ മനസ്സോടെ ....തികഞ്ഞ ആദരവോടെ ഈ സദുദ്യമത്തിൽ ഞാനും പങ്കാളിയാവുന്നു .
പുസ്തകം ആവശ്യമുള്ളവർ ഇ .വി .വത്സൻ
എന്നപേരിൽ അദ്ദേഹത്തിൻ്റെ 9847886646
ഫോൺ നമ്പറിൽ ഗൂഗിൾ പേ
അയക്കുമെങ്കിൽ നല്ലത്
വിനയപൂർവ്വം -ദിവാകരൻ ചോമ്പാല
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group