300 പ്രത്യേക തീവണ്ടികൾ ഓടിക്കും

300 പ്രത്യേക തീവണ്ടികൾ ഓടിക്കും
300 പ്രത്യേക തീവണ്ടികൾ ഓടിക്കും
Share  
2024 Oct 22, 06:48 AM
VASTHU
MANNAN
laureal

ചെങ്ങന്നൂർ : ശബരിമല തീർഥാടനകാലത്ത് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന തീർഥാടകർക്ക് മികച്ച സൗകര്യമൊരുക്കുമെന്നും ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിൽനിന്ന് 300 സ്പെഷ്യൽ തീവണ്ടികളോടിക്കുമെന്നും ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്ലയാൽ പറഞ്ഞു. ശബരിമല തീർഥാടനത്തിനു മുന്നോടിയായി ചെങ്ങന്നൂരിൽ നടന്ന റെയിൽവേയുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തീർഥാടനം സുഗമമാക്കാനായി കോട്ടയം വഴിയും മധുര, പുനലൂർ വഴിയും കൂടുതൽ സ്പെഷ്യൽ തീവണ്ടികൾ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കേന്ദ്ര റെയിൽവേ മന്ത്രിയോടും മറ്റും അഭ്യർഥിച്ചിരുന്നു. പ്രത്യേക തീവണ്ടികൾ കൊല്ലം വരെയോ തിരുവനന്തപുരം വരെയോ നീട്ടണമെന്നും എം.പി. ആവശ്യപ്പെട്ടു. എന്നാലിതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും അനുഭാവപൂർവം പരിഗണിക്കാമെന്ന് ഡി.ആർ.എം. ഉറപ്പുനൽകി. തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ തീവണ്ടിക്ക് ചെങ്ങന്നൂരിൽ സ്റ്റോപ്പും അനുവദിക്കമമെന്നാവശ്യപ്പെട്ട് അയ്യപ്പ സേവാ സംഘവും ഡി.ആർ.എമ്മിന് നിവേദനം നൽകി.


കഴിഞ്ഞവർഷം നിർത്തലാക്കിയ റെയിൽവേ റിസർവേഷൻ കേന്ദ്രം പുനഃസ്ഥാപിക്കാനും മൂന്ന് പിൽഗ്രിം കേന്ദ്രങ്ങളിലായി 50 ശൗചാലയങ്ങളൊരുക്കാനും തീരുമാനമായി. കുടിവെള്ളം, വിരിവെക്കാൻ സൗകര്യം, സഹായകേന്ദ്രം, സി.സി.ടി.വി. ക്യാമറ, മൊബൈൽ ചാർജിങ് സൗകര്യം, സൗജന്യ വൈഫൈ തുടങ്ങിയവ ഏർപ്പെടുത്തും.


സ്റ്റേഷനു മുന്നിലുള്ള ഓട വൃത്തിയാക്കാൻ നഗരസഭയ്ക്കു റെയിൽവേ അനുമതി നൽകി. നഗരത്തിൽ സാംക്രമിക രോഗങ്ങളടക്കം റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ ഓടകൾ വൃത്തിയാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ജല അതോറിറ്റി, റെയിൽവേ സ്റ്റേഷൻ, മഹാദേവക്ഷേത്രം, കെ.എസ്.ആർ.ടി.സി., വണ്ടിമല ദേവസ്ഥാനം തുടങ്ങിയ സ്ഥലങ്ങളിലായി 25 കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളം വിതരണംചെയ്യും. പോലീസ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ ഹെൽപ്പ് ഡെസ്ക്, എയ്ഡ് പോസ്റ്റ് എന്നിവ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി റെയിൽവേയുടെ നിയമാവലിയനുസരിച്ച് അനുവദിക്കുമെന്നും ഡിവിഷണൽ മാനേജർ പറഞ്ഞു.


മന്ത്രി സജി ചെറിയാൻ യോഗം ഉദ്ഘാടനംചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി. അധ്യക്ഷനായി. നഗരസഭാധ്യക്ഷ ശോഭാ വർഗീസ്, കൗൺസിലർമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, പാസഞ്ചേഴ്‌സ് അസോസിയേഷൻ തുടങ്ങിയവയുടെ ഭാരവാഹികൾ, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


സമയബന്ധിതമായി പൂർത്തിയാക്കണം -സജി ചെറിയാൻ


ശബരിമല തീർഥാടനം തുടങ്ങുംമുൻപ് വിവിധ വകുപ്പുകൾ ചെയ്യേണ്ട ജോലികൾ പൂർത്തിയാക്കണമെന്ന് മന്ത്രി സജി ചെറിയാൻ നിർദേശിച്ചു. നേരത്തേ നടന്ന അവലോകന യോഗത്തിലെടുത്ത തീരുമാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം.


ചെങ്ങന്നൂരിലെത്തുന്ന തീർഥാടകർക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുമുണ്ടാകാൻ പാടില്ല. ശുചീകരണ പ്രവർത്തനമുൾപ്പെടെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2