വഴയില-പഴകുറ്റി നാലുവരിപ്പാത നിർമാണം: മേൽനോട്ടം ത​ന്റെ ഓഫീസ് നേരിട്ടെന്ന്‌ മന്ത്രി റിയാസ്

വഴയില-പഴകുറ്റി നാലുവരിപ്പാത നിർമാണം: മേൽനോട്ടം ത​ന്റെ ഓഫീസ് നേരിട്ടെന്ന്‌ മന്ത്രി റിയാസ്
വഴയില-പഴകുറ്റി നാലുവരിപ്പാത നിർമാണം: മേൽനോട്ടം ത​ന്റെ ഓഫീസ് നേരിട്ടെന്ന്‌ മന്ത്രി റിയാസ്
Share  
2024 Oct 18, 07:47 AM
VASTHU
MANNAN
laureal

നെടുമങ്ങാട്: തിരുവനന്തപുരത്തേയും തമിഴ്‌നാടിനേയും ബന്ധിപ്പിക്കുന്ന വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ നിർമാണത്തിന് ഏറെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ 928.87 കോടി രൂപയാണ് നീക്കിെവച്ചതെന്നും നാലുവരിപ്പാതയുടെ മേൽനോട്ടം തന്റെ ഓഫീസ് നേരിട്ട് നിയന്ത്രിക്കുമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.


കരകുളം ഏണിക്കരയിൽ നടന്ന റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നെടുമങ്ങാട് മണ്ഡലത്തിന്റെ അടിസ്ഥാന വികസനത്തിന് നാലുവരിപ്പാത അനിവാര്യമാണ്.


എന്നാൽ വലിയ സാമ്പത്തികബാധ്യത ഉള്ള ജോലി ആയതിനാൽ പല സർക്കാരുകളും ഇത് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ എട്ടു വർഷമായി നെടുമങ്ങാട് മണ്ഡലത്തിലെ എം.എൽ.എ.മാരുടെ നിരന്തരമായ ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.


വഴയില മുതൽ പഴകുറ്റിവരെയുള്ള 11.240 കി.മീ. റോഡാണ് നാലുവരി പാതയായി ഉയർത്തുന്നത്.


പാത യാഥാർഥ്യമാകുന്നതോടെ റോഡ് വികസനം മാത്രമല്ല സാംസ്‌കാരിക, സാമൂഹിക രംഗത്ത് മാത്രമല്ല വിഴിഞ്ഞം തുറമുഖത്തിന്റെ ക്രയവിക്രയത്തിനും വലിയ കാൽവയ്പാകും. ഉദ്ഘാടന സമ്മേളനത്തിന് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായി. നെടുമങ്ങാട് മണ്ഡലത്തിന്റെ സ്വപ്നപദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നതെന്നും നിരവധി തടസ്സങ്ങൾ നേരിട്ടുവെങ്കിലും സർക്കാരിന്റെയും ജനപ്രതിനിധികളുടെയും നിശ്ചയദാർഢ്യമാണ് പദ്ധതിയുടെ സാക്ഷാത്കാരത്തിന് പിന്നിലെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.


എം.എൽ.എ.മാരായ ജി.സ്റ്റീഫൻ, വി.കെ.പ്രശാന്ത്, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, മുൻ എം.എൽ.എ. മാങ്കോട് രാധാകൃഷ്ണൻ, നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി.അമ്പിളി, കരകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖ റാണി, കെ.ആർ.എഫ്.ബി. പ്രോജക്ട് ഡയറക്ടർ എം.അശോക് കുമാർ, എക്‌സിക്യുട്ടീവ് എൻജിനീയർ രാജമോഹൻ തമ്പി പി.എസ്‌., സംഘാടകസമിതിയുടെ കൺവീനർ എസ്.എസ്.രാജലാൽ തുടങ്ങിയവർ സംസാരിച്ചു.


കോൺഗ്രസ് ബഹിഷ്‌കരിച്ചു


വഴയില-നെടുമങ്ങാട് നാലുവരിപ്പാതയുടെ നിർമാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എം.പി.യെ രാഷ്ട്രീയപ്രേരിതമായി ഉദ്ഘാടന പരിപാടിയിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉദ്ഘാടന സമ്മേളനം ബഹിഷ്‌കരിച്ചു.


സ്ഥലത്തെ ജനപ്രതിനിധിയോട് ചെയ്യുന്ന വലിയ അവഹേളനമാണിതെന്നും വികസനത്തിൽ രാഷ്ട്രീയം കലർത്തരുതെന്നുംബ്ലോക്ക് പ്രസിഡന്റ് ടി.അർജുനൻ, കരകുളം വിജയരാജ്, സുകുമാരൻ നായർ, അജി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.


(കടപ്പാട്: മാതൃഭൂമി ന്യൂസ്‌)


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2