തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു

തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു
തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു
Share  
2024 Oct 17, 09:36 AM
VASTHU
MANNAN
laureal

അമ്പലപ്പുഴ/തൃക്കുന്നപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായുള്ള കടലേറ്റമുണ്ടാക്കിയ ദുരിതത്തിൽ ജീവിതം വഴിമുട്ടിയിരിക്കുകയാണ് തീരവാസികൾക്ക്. പലരുടെയും കിടപ്പാടവും പണിസാധനങ്ങളും കടലെടുത്തു. പല വീടുകൾക്കും സാധനസാമഗ്രികൾക്കും കേടുപാടുകളുണ്ടായി. ഒട്ടേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും കടലുമായി ബന്ധപ്പെട്ട് ചെറിയ ജോലികൾചെയ്തു ജീവിതം പുലർത്തുന്ന ഒട്ടേറെയാളുകളുടെയും പ്രതീക്ഷകളിലേക്കാണ് തിരയടിച്ചുകയറിയത്.


തൃക്കുന്നപ്പുഴ തീരത്ത് ജലസംഭരണിക്കു പടിഞ്ഞാറുഭാഗത്ത് മാന്തളശ്ശേരി പടീറ്റതിൽ കമറുദ്ദീൻ, പാരയിൽ തെക്കതിൽ ഐഷാബീവി, പുത്തേറ്റ് പടീറ്റതിൽ സിറാജ്, കിഴക്കത്തുശ്ശേരി പടീറ്റതിൽ ശശി, കൊട്ടാമ്പള്ളി പടീറ്റതിൽ മുഹമ്മദ് കുഞ്ഞ്, മാന്തളശ്ശേരി പടീറ്റതിൽ ബുഷ്റ ഇക്ബാൽ തുടങ്ങിയവരുടെ വീടുകൾ കടലേറ്റത്തിൽ തകർന്നു. തീരദേശ റോഡിനു പടിഞ്ഞാറുഭാഗത്ത് 50 വീടുകൾക്ക് ഭാഗികമായ കേടുപാടുണ്ട്. റോഡിനു കിഴക്കുവശത്ത് ഏറെ ദൂരത്തോളം തിരകയറി. ഈ ഭാഗത്തെ മിക്കവീടുകളുടെയും വളപ്പിൽ വെള്ളം നിറഞ്ഞനിലയിലാണ്. ഇത് ഒഴുകിപ്പോകാൻ ഓടയില്ലെന്നതും പ്രശ്നം രൂക്ഷമാക്കുന്നു.


കഴിയാൻ ഇവിടെയുള്ളവർക്കു ഭയമാണെന്ന് തൃക്കുന്നപ്പുഴ പാരയിൽ തെക്കതിൽ ഐഷാബീവി പറയുന്നു. കനത്തതോതിൽ തിരയടിച്ചുകയറുന്നതിനാൽ ബുധനാഴ്ച ആഹാരമുണ്ടാക്കാൻപോലും കഴിഞ്ഞിട്ടില്ലെന്ന് സമീപത്തെ വീട്ടമ്മമാരായ സൂര്യ, ബുഷ്റ ഇക്ബാൽ ഉൾപ്പെടയുള്ളവർ കണ്ണീരോടെ വിവരിക്കുന്നു.


ഈ ഭാഗത്ത് ഒരു കിലോമീറ്ററോളം തീരം ഇതുവരെയായി കടലെടുത്തുപോയിട്ടുണ്ട്. ചേലക്കാട് അമ്പലംമുതൽ തോപ്പ് ജങ്ഷൻവരെയുള്ള ഒന്നര കിലോമീറ്റർ ഭാഗത്ത് കടൽഭിത്തിയില്ലാത്തതാണ് ഇവിടെ കടലേറ്റം രൂക്ഷമാകാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. പലതവണ എസ്റ്റിമേറ്റ് എടുത്തെങ്കിലും ഭിത്തി പണിതില്ല. തോട്ടപ്പള്ളിയിലെ മണലെടുപ്പും കടലേറ്റം ശക്തമാക്കിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം.


അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ മത്സ്യത്തൊഴിലാളിയായ കാക്കാഴം വെള്ളംതെങ്ങിൽ സന്തോഷി(50)ന്റെ വള്ളവും ശക്തമായ തിര തീരത്തടിച്ചുകയറി കേടായി. ഇതിന്റെ എൻജിൻ കടലിലേക്ക് ഒലിച്ചുപോയി.


ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. 10 തൊഴിലാളികൾ ഈ വള്ളത്തിൽ ജോലിചെയ്തിരുന്നു. കാക്കാഴം പൊന്നാട്ട് ജോൺകുട്ടി(55)യുടെ വീടും കടലേറ്റത്തിൽ തകർന്നു. രണ്ടുവർഷം മുൻപ്‌ ഈ വീടിനു പടിഞ്ഞാറോട്ട് തീരവും അവിടെ വീടുകളുമുണ്ടായിരുന്നു. ഇതെല്ലാം ക്രമേണ കടലെടുത്തു.


ഉറങ്ങിക്കിടക്കുമ്പോൾ കടൽ ആർത്തിരമ്പിയെത്തി; വിറങ്ങലിച്ച് തീരദേശം


അമ്പലപ്പുഴ : ചൊവ്വാഴ്ച രാത്രി ആളുകൾ കിടന്നുറങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി കടൽ ആർത്തിരമ്പിയെത്തിയത്. തീരത്തോടുചേർന്നുള്ള വീടുകളിൽ തിരമാലകളടിക്കുന്ന ശബ്ദംകേട്ട് ഉറക്കമുണർന്നവർ ഭയന്നുനിലവിളിച്ചു. ഏറെനേരം എന്തുചെയ്യണമെന്നറിയാതെ സ്തംഭിച്ചുനിന്നു. വീടുകളുടെ ജനാലകളും ഭിത്തിയും തകർന്നു. തിരമാലകൾക്കൊപ്പമെത്തിയ മണൽ നിറഞ്ഞുകിടക്കുന്ന വീടുകൾ പലതും താമസയോഗ്യമല്ലാതായി. ബുധനാഴ്ച വൈകിയും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. സമീപകാലത്തെങ്ങും കാണാത്ത ശക്തമായ കടലേറ്റമാണ് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി അമ്പലപ്പുഴത്തീരത്തുണ്ടായത്.


പുറക്കാട് ഗ്രാമപ്പഞ്ചായത്തിലെ തോട്ടപ്പള്ളി ഒറ്റപ്പന മുതൽ അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിലെ നീർക്കുന്നം, വണ്ടാനം വരെയുള്ള പ്രദേശങ്ങളിലാണ് കെടുതികൾ രൂക്ഷമായത്. കടൽഭിത്തിയുള്ളതും താത്‌കാലികമായി ടെട്രാപ്പോഡ് നിരത്തിയതുമൊന്നും ശക്തമായ തിരമാലകളെ ചെറുക്കാൻ പര്യാപ്തമായില്ല. നൂറിലധികം കുടുംബങ്ങൾ ബന്ധുവീടുകളിലും മറ്റും അഭയംതേടി. വൈദ്യുതിത്തൂണുകൾ കടലേറ്റത്തിൽ വീണുപോയതിനാൽ തീരത്തെ വീടുകളിൽ വൈദ്യുതിവിതരണവും താറുമാറായി. തിരയിറക്കത്തിൽ പലയിടത്തും മണൽ വൻതോതിൽ ഒലിച്ച് വ്യാപക തീരശോഷണവുമുണ്ടായി. അമ്പലപ്പുഴ കോമന പുതുവൽ സജിത്ത്, ഗോപിദാസ്, ഭാസുര എന്നിവരുടെ വീടുകളുടെ ജനൽപ്പാളികൾ തിരമാലകളടിച്ച് തകർന്നു. വിദ്യാർഥികളുടെ പഠനോപകരണങ്ങളും വീട്ടുപകരണങ്ങളും അവശ്യവസ്തുക്കളുമെല്ലാം നശിച്ചു. നീർക്കുന്നം ചിറയിൽപടീറ്റതിൽ വിനോദ്, പുതുവൽ സബിത, പുഷ്പൻ, ഫിഷർമെൻ കോളനിയിൽ രാജേന്ദ്രൻ, കാക്കാഴം പുതുവൽ ചെമ്പകക്കുട്ടി, സാബു, പാലച്ചുവട്ടിൽ ചിത്രരാജൻ, പുതുവൽ സനൽ തുടങ്ങി അൻപതിലേറെ വീടുകൾ വെള്ളംകയറി തകർച്ചാഭീഷണിയിലായി. പുലിമുട്ടും കടൽഭിത്തിയും നിർമിച്ച് തീരം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകാത്തതാണ് തങ്ങളെ ദുരിതത്തിലാക്കിയതെന്നു തീരവാസികൾ പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2