വിഴിഞ്ഞം തുറമുഖം: ട്രയൽ റൺ അന്തിമഘട്ടത്തിലേക്ക്

വിഴിഞ്ഞം തുറമുഖം: ട്രയൽ റൺ അന്തിമഘട്ടത്തിലേക്ക്
വിഴിഞ്ഞം തുറമുഖം: ട്രയൽ റൺ അന്തിമഘട്ടത്തിലേക്ക്
Share  
2024 Oct 17, 09:19 AM
VASTHU
MANNAN
laureal

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം ഡിസംബറിൽ നടത്താനുള്ള നീക്കവുമായി സർക്കാർ. തുറമുഖ നിർമാണത്തിന് അദാനി തുറമുഖ കമ്പനിയുമായി ഉണ്ടാക്കിയിട്ടുള്ള കരാർ ഡിസംബർ മൂന്നിന് കഴിയും. കാലാവധിക്ക് മുൻപ് തന്നെ ഒന്നാംഘട്ടം നിർമാണം പൂർത്തിയാക്കി തുറമുഖത്തിന്റെ ഓപ്പറേഷണൽ പ്രവർത്തികൾ തുടങ്ങിക്കഴിഞ്ഞു. ട്രയൽ റൺ വിജയകരമായി


പൂർത്തിയായതോടെ ഉദ്ഘാടനച്ചടങ്ങ് നടത്താൻ തുറമുഖ അധികൃതരും സജ്ജമായി. പ്രധാനമന്ത്രിയുൾപ്പെടെയുള്ളവരെ എത്തിച്ച് ആഘോഷമാക്കി മാറ്റാനാണ് സർക്കാരും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയും (വിസിൽ) ആലോചിക്കുന്നത്.


2023 ഒക്‌ടോബർ 15-നാണ് വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തിയത്. നിർമാണത്തിനുള്ള ക്രെയിനുകളുമായാണ് ചൈനയിൽനിന്നുള്ള കപ്പലുകൾ എത്തിച്ചേർന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർണമായും നടത്തി പ്രവർത്തനസജ്ജമാക്കാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞു.


കഴിഞ്ഞ ജൂലായ് 11-നാണ് കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പ് എത്തിയത്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ ട്രയൽ റണ്ണിന്റെ ഭാഗമായി 19 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകളുടെ ഗണത്തിൽപ്പെടുന്നവയും വിഴിഞ്ഞത്ത് എത്തി. പ്രമുഖ കപ്പൽ കമ്പനികളുടെ ഒന്നിലധികം കപ്പലുകളാണ് ചരക്കുകളുമായി ഇവിടെ വന്നത്.


ഇതുവരെ 60503 കണ്ടെയ്‌നറുകൾ (ടി.ഇ.യു.) തുറമുഖത്ത് കയറ്റിറക്കുമതി ചെയ്തു. ഇത് ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ കൈകാര്യം ചെയ്ത കണ്ടെയ്‌നറുകളുടെ 10 ശതമാനം വരും. ഒറ്റക്കപ്പലിൽ നിന്ന് 10000 കണ്ടെയ്‌നർ നീക്കം നടത്തിയെന്ന റെക്കോഡും വിഴിഞ്ഞം സ്വന്തമാക്കി. ട്രയൽ റൺ കാലയളവിൽ തന്നെ ഇത്തരമൊരു നേട്ടം കൈവരിച്ചെന്നത് വിഴിഞ്ഞത്തിന്റെ ഭാവിവികസന സാധ്യതകളെയാണ് തുറന്നുകാട്ടുന്നത്. തുറമുഖത്ത് ഇത്രയും കപ്പലുകൾ വന്നുപോയതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന് 4.75 കോടി രൂപ നികുതിയിനത്തിലും ലഭിച്ചിട്ടുണ്ട്. നിലവിൽ കൂടുതൽ കമ്പനികൾ ട്രാൻസ്ഷിപ്പ്‌മെന്റിന് വിഴിഞ്ഞത്തേയ്ക്ക് എത്താനുള്ള താത്‌പര്യം അറിയിച്ചിട്ടുണ്ട്.


7700 കോടിയുടെ പൊതു-സ്വകാര്യ (പി.പി.പി.) പദ്ധതി 2015 ഡിസംബറിലാണ് നിർമാണം തുടങ്ങിയത്. നാലുവർഷത്തിനുള്ളിൽ (1460 ദിവസം) നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാർ.


എന്നാൽ 2019 ഡിസംബർ മൂന്ന് എന്ന കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് സർക്കാരും അദാനി ഗ്രൂപ്പും കരാർ ലംഘനത്തിന്റെ പേരിൽ ആർബിട്രേഷനെ സമീപിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ആർബിട്രേഷൻ അവസാനിപ്പിച്ച് നിർമാണക്കാലാവധി അഞ്ചുവർഷംകൂടി നീട്ടി നൽകിയത്.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2