മാലിന്യസംസ്കരണം
പൗരധർമമായി
ഏറ്റെടുക്കണം-
മുഖ്യമന്ത്രി
മാർച്ച് 30 വരെ ശുചീകരണ പരിപാടികൾ
കൊല്ലം: മാലിന്യസംസ്കരണം പൗരധർമമായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യമുക്തം നവകേരളം കാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കര എൽ.ഐ.സി.അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവവും അജൈവവുമായ മാലിന്യത്തെ ഉറവിടത്തിൽത്തന്നെ തരംതിരിച്ച് സംസ്കരിക്കണം. ഇതിനായി പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തിൽ വിപുലമായ ശുചീകരണപരിപാടികൾ നടപ്പാക്കും. അടുത്തവർഷം മാർച്ച് 30-ന് അന്താരാഷ്ട്ര ശൂന്യമാലിന്യദിനത്തിൽ അവസാനിക്കുന്ന കാെമ്പയിനാണ് ഇപ്പോൾ തുടക്കമാകുന്നത്. സംസ്ഥാനത്തെ പൂർണമായും മാലിന്യമുക്തമാക്കുന്നതിന് സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരുടെയും സഹകരണം വേണം. പൊതുസ്ഥലത്തെ മാലിന്യംതള്ളൽ ആരോഗ്യകരമായ ജീവിതത്തിനുതന്നെ വെല്ലുവിളിയാണ്.-മുഖ്യമന്ത്രി പറഞ്ഞു.
കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിന്റെ വികസനത്തിനായുള്ള സമഗ്ര കൊട്ടാരക്കര പരിപാടിയുടെ ഉദ്ഘാടനവും പുലമൺ തോടിന്റെ പുനരുജ്ജീവന പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ഹരിതകർമസേനാംഗങ്ങൾക്ക് സുരക്ഷാക്കിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ഹരിത ടൂറിസം കൈപ്പുസ്തകം മന്ത്രി കെ.ബി.ഗണേഷ്‌കുമാറും ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ പുസ്തകം മന്ത്രി ജെ.ചിഞ്ചുറാണിയും പ്രകാശനം ചെയ്തു.
കൊടിക്കുന്നിൽ സുരേഷ് എം.പി., കോവൂർ കുഞ്ഞുമോൻ എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, നവകേരളം കർമപദ്ധതി കോഡിനേറ്റർ ഡോ. ടി.എൻ.സീമ, കൊട്ടാരക്കര നഗരസഭാധ്യക്ഷൻ എസ്.ആർ.രമേശ്, തദ്ദേശഭരണസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group