ആഘോഷങ്ങളില്ല; വയനാടിന് 15 കോടിയുടെ പുനരധിവാസ പദ്ധതി
കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തൊന്നാമത് ജന്മദിനം ഇന്ന്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അമൃതപുരിയിലെ പതിവ് ആഘോഷങ്ങളും വിശിഷ്ടാതിഥികളെ ക്ഷണിച്ചുള്ള ചടങ്ങുകളും ഒഴിവാക്കി. വയനാടിന് സാങ്കേതിക-പുനരധിവാസ സഹായമായി 15 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന്മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു.
ദുരന്തത്തിലെ അതിജീവിതര്‍ക്ക് കൈത്താങ്ങാകുന്നതിനൊപ്പം ദുരന്ത സാധ്യതാ മേഖലകളില്‍ പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി ഭാവിയില്‍ കുറയ്‌ക്കാനുതകുന്ന സംവിധാനങ്ങള്‍ സ്ഥാപിക്കാനും ഈ തുക വിനിയോഗിക്കും.
അമൃത സര്‍വകലാശാലയുടെ സഹായത്തോടെ മാതാ അമൃതാനന്ദമയി മഠം കാലാവസ്ഥാ വ്യതിയാനം മൂലം കനത്ത പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിച്ചേക്കാവുന്ന വയനാടിന്റെ പരിസ്ഥിതിലോല മേഖലകളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പു നല്കുന്ന ശാസ്ത്രീയ സംവിധാനം സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്‌ക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇത് എത്രയും വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ, സ്വാമി തുടര്‍ന്നു.
ഹൃദയത്തിന്റെ ഭാഷ; ഇന്ന് മാതാ അമൃതാനന്ദമയിയുടെ 71-ാം പിറന്നാൾ
സ്വാമി അമൃതസ്വരൂപാനന്ദ
‘എനിക്ക് നിങ്ങളെ മനസ്സിലാകും, നിങ്ങളുടെ ഹൃദയം മനസ്സിലാകും, വേദന മനസ്സിലാകും’ -റെക്കോഡ്ചെയ്തുവെച്ചപോലെ ഇത് കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരോട് നമ്മൾ ദിവസവും ആവർത്തിച്ചുപറയാറുണ്ട്. വാസ്തവത്തിൽ, മറ്റുള്ളവരുടെ വേദനകളും പ്രശ്നങ്ങളും ആഴത്തിൽ അറിഞ്ഞിട്ടാണോ നമ്മളിങ്ങനെ പറയുന്നത്? അല്ലേയല്ല. അതൊരു ശീലമാണ്.
അന്യരെ മനസ്സിലാക്കാൻ എളുപ്പമല്ല. അതിന് നല്ല പക്വതയും ക്ഷമയും കനിവും ആവശ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ, മറ്റുള്ളവർ നമ്മളെ മനസ്സിലാക്കുമെന്ന് ധരിക്കുന്നത് അബദ്ധമാണ്. അതുകൊണ്ട്, സ്വയം അറിയുക. ആ വെളിച്ചത്തിൽ നമുക്ക് വളരാനും വികസിക്കാനും കഴിയും. അതെല്ലാവർക്കും ഉൾപ്രേരണയാകും.
1980-കളിൽ അമൃതാനന്ദമയീ ആശ്രമത്തിലെ ഒരു സ്ഥിരം സന്ദർശകനുണ്ടായിരുന്നു. വാക്കിലും പെരുമാറ്റത്തിലും കണികപോലും മര്യാദയില്ലാത്തൊരാൾ. ഞാനും അദ്ദേഹത്തിന്റെ ഔദ്ധത്യത്തിനിരയായിട്ടുണ്ട്. കോളേജ്‌ജീവിതം കഴിഞ്ഞ് ആശ്രമത്തിലെത്തിയിട്ട് ഏതാനും വർഷങ്ങളേ ആയിരുന്നുള്ളൂ. അപ്രതീക്ഷിതമായിരുന്നു ആ ‘ആക്രമണം’. എന്റെ അഹന്ത വ്രണപ്പെട്ടു. അതൊരു നീരസമായി ഉള്ളിൽക്കിടന്നു.
ഒരു ദർശനവേള. ഞാൻ അമ്മയുടെ സമീപത്തിരിക്കുകയായിരുന്നു. അതാ, ആ ‘സ്നേഹിതൻ’ ദർശനത്തിനുവരുന്നു! പൊടുന്നനെ, പഴയ അനിഷ്ടം മനസ്സിൽ പൊന്തിവന്നു. എഴുന്നേറ്റുപോയാലോ എന്നാലോചിച്ചു. വേണ്ടാ, അമ്മയുടെ ശ്രദ്ധയിൽപ്പെടും. ഞാൻ അവിടെത്തന്നെയിരുന്നു. അയാൾ അമ്മയോട് സംസാരിക്കാൻ തുടങ്ങി. നിർമര്യാദയായ ശബ്ദം. എന്റെ മനസ്സ് പ്രക്ഷുബ്ധമായി. ഒട്ടും ആദരവോ സാഹചര്യബോധമോ ഇല്ലാതെ, അയാൾ അമ്മയോട് സംസാരിച്ചുകൊണ്ടിരുന്നു. പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തികൊണ്ട്, അമ്മ ആ മനുഷ്യനു പറയാനുള്ളതെല്ലാം തെല്ലുപോലും അലോസരമോ അക്ഷമയോ കാട്ടാതെ അതിശ്രദ്ധയോടെ കേട്ടു. സ്വന്തം കുഞ്ഞിനെയെന്നപോലെ അദ്ദേഹത്തെ വാത്സല്യപൂർവം ആശ്ലേഷിച്ചു, പ്രസാദം നൽകി; കൈകളിൽ മുത്തം നൽകി പുഞ്ചിയോടെ യാത്രയാക്കി.
സന്തോഷത്തോടെ അയാൾ മടങ്ങുമ്പോൾ, അമ്മ എന്നോടായി പറഞ്ഞു: ‘‘നല്ല മോനാണ്. പണ്ടുമുതലേ വരും. ശുദ്ധഹൃദയനാ... പ്രകടിപ്പിക്കാനറിയില്ല. ചിലർ അങ്ങനെയാണ്. അവരെ അങ്ങനെത്തന്നെ സ്വീകരിക്കാൻ നമുക്കുകഴിയണം. നമ്മുടെ സങ്കല്പത്തിനനുസരിച്ച് അവർ പെരുമാറണമെന്ന് ചിന്തിക്കുന്നത് തെറ്റാണ്. അപ്പോൾ, അനിഷ്ടവും വിദ്വേഷവും ഒക്കെയുണ്ടാകും! അത് അഹന്തയാണ്.’’ മഹത്തായൊരു ജീവിതപാഠം വളരെ ലളിതമായി അമ്മയെന്നെ പഠിപ്പിച്ചു. ചരാചരങ്ങളുടെയെല്ലാം ഹൃദയം ഒന്നാണ്. ആ ഹൃദയമറിഞ്ഞാൽ, ആശയവിനിമയത്തിന് പ്രേമം എന്ന ഒരേയൊരു ഭാഷ മതിയാകും.
ഭാരതത്തിന്റെ പരം സൂപ്പർ കംപ്യൂട്ടറിന്റെ ഉപജ്ഞാതാവാണ് പദ്‌മഭൂഷൺ നേടിയ വിജയ് ഭട്കർ. അദ്ദേഹം പറയുന്നു: ‘‘അമ്മ ലോകമെമ്പാടും യാത്രചെയ്യുന്നു. മലയാളം മാത്രമാണ് അമ്മ സംസാരിക്കുന്നത്. എന്നാൽ, അന്യഭാഷക്കാരായ ആയിരങ്ങളോട് അമ്മ സംവദിക്കുന്നു. അവരും അമ്മയും പരസ്പരം അറിയുന്നു. എങ്ങനെ? പ്രേമമെന്ന സാർവലൗകികമായ ഭാഷയിലൂടെ. സ്നേഹത്തെ അമ്മ ഒരാഗോളഭാഷയാക്കി മാറ്റിയിരിക്കുന്നു. അസാധ്യമായതിനെ സാധ്യമാക്കിയിരിക്കുന്നു. അന്യരെ അറിയാനും അവരുടെ ദുഃഖം നെഞ്ചിലേറ്റാനും ഹൃദയത്തിന്റെ ഭാഷയായ പ്രേമത്തിനുമാത്രമേ സാധിക്കൂ
കൊല്ലം വള്ളിക്കാവ് അമൃതപുരയിൽ നടന്ന മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷം 'അമൃതവർഷം 70' ൽ അമ്മ പ്രഭാഷണം നടത്തുന്നു .
courtesy :mathrubhumi
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group