ചരിത്രഗവേഷകനും എഴുത്തുകാരനുമായ വേലായുധൻ പണിക്കശ്ശേരി വിടവാങ്ങി
തൃശൂർ : ചരിത്ര ഗവേഷകൻ വേലായുധൻ പണിക്കശ്ശേരി (91) അന്തരിച്ചു. ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം, ബാലസാഹിത്യം, ഫോക്‌ലോർ, ആരോഗ്യം എന്നീ വിഭാഗങ്ങളിലായി നൂറിൽ താഴെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പും സമഗ്രസംഭാവനയ്‌ക്ക് കേരളസാഹിത്യ അക്കാദമിയുടെ അവാർഡും ലഭിച്ചു. വി എസ് കേരളീയൻ ട്രസ്റ്റ് അവാർഡ്, പി എ സെയ്ദ് മുഹമ്മദ് സ്മാരക അവാർഡ്, എൻ കെ ഫൗണ്ടേഷൻ അവാർഡ്, ചരിത്രപഠന കേന്ദ്രം അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചു. കേരള- കാലിക്കറ്റ്- മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റികളിൽ വേലായുധൻ പണിക്കശ്ശേരിയുടെ പത്തോളം പുസ്തകങ്ങൾ പാഠ്യവിഷയങ്ങളായിരുന്നു.
ചില പുസ്തകങ്ങൾ ഹിന്ദിയിലേക്കും തമിഴിലേക്കും ഇംഗ്ലിഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ഏങ്ങണ്ടിയൂർ സി കൃഷ്ണവിലാസം ഗ്രന്ഥശാലയിൽ നിന്ന് ലൈബ്രറേറിയൻ ആയി 1991ൽ റിട്ടയർ ചെയ്തു. ആർക്കിയോളജി സ്റ്റേറ്റ് അഡ്‌വൈസറി ബോർഡിൽ അംഗമായിരുന്നു. വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്. ‘താളിയോല’ എന്ന പേരിൽ മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നു. സംസ്കാരം ശനിയാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ നടക്കും. പരേതരായ പണിക്കശ്ശേരി മാമു – കാളിക്കുട്ടി ദമ്പതികളുടെ മകനാണ്.
പോർട്ടുഗീസ്-ഡച്ച് ആധിപത്യം കേരളത്തിൽ, സഞ്ചാരികൾ കണ്ട കേരളം, ചരിത്രത്തിന്റെ പ്രഭാതകിരണങ്ങൾ, കേരളചരിത്രപഠനങ്ങൾ, അൽ ഇദ്‌രീസിയുടെ ഇന്ത്യ,മാർക്കോപോളോ ഇന്ത്യയിൽ, ഇബ്‌നുബത്തൂത്ത കണ്ട ഇന്ത്യ, കേരളം അറുനൂറുകൊല്ലം മുമ്പ്, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ, കേരളം പെരുമാക്കന്മാരുടെ കാലത്ത്, കേരളോല്പത്തി, കേരള ചരിത്രം, സഞ്ചാരികളും ചരിത്രകാരന്മാരും ( 3 ഭാഗങ്ങൾ), അന്വേഷണം ആസ്വാദനം, വിക്രമോർവ്വശീയം (വ്യാഖ്യാനം), കാരൂർ മുതൽ കോവിലൻ വരെ, ഡോക്ടർ പല്പു, അയ്യങ്കാളി മുതൽ വി.ടി വരെ, വൈദ്യരുടെ കഥ, ആയിരം കടങ്കഥകൾ
പതിനായിരം പഴഞ്ചൊല്ലുകൾ, കുട്ടികളുടെ പര്യായനിഘണ്ടു, കുട്ടികളുടെ ശൈലീനിഘണ്ടു എന്നിവ ഇദ്ദേഹം രചിച്ച പ്രമുഖ ഗ്രന്ഥങ്ങളാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group