‘വയനാടിന്റെ കുറിപ്പ് എന്റെയല്ല, സുഹൃത്ത് എഴുതിയത്; ആശയത്തോട് വിയോജിപ്പില്ല, ഞാനല്ല പ്രതികരിക്കേണ്ടത്’
തിരുവനന്തപുരം∙ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനുണ്ടായ ചെലവിനെപ്പറ്റിയും ദുരിതാശ്വാസ നിധിയെ കുറിച്ചും തന്റെ പ്രതികരണമെന്ന നിലയിൽ പ്രചരിക്കുന്ന കുറിപ്പിൽ വിശദീകരണവുമായി മന്ത്രി എം.ബി.രാജേഷ്. ആ കുറിപ്പ് തന്റെതല്ലെന്നും തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചിട്ടില്ലെന്നും എം.ബി.രാജേഷ് മനോരമ ഓൺലൈനോട് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെയാണു വയനാട് ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള രാജേഷിന്റെ പ്രതികരണമെന്ന നിലയിൽ കുറിപ്പ് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
‘‘എന്റെ പരിചയത്തിലുള്ള സുഹൃത്താണ് ഈ കുറിപ്പ് ആദ്യം എഴുതിയത്. മുംബൈയിലുള്ള അദ്ദേഹം എഴുതിയ കുറിപ്പ്, പിന്നീട് എം.ബി.രാജേഷ് ഫോളോവേഴ്സ് എന്ന സമൂഹമാധ്യമ ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ടു. ഇതോടെയാണ് മറ്റുള്ളവരിലേക്കും എത്തിയത്. മാധ്യമങ്ങളിലടക്കം ഇത് വന്നതോടെയാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഉടനടി ഈ കുറിപ്പെഴുതിയ ആളിനെ കണ്ടെത്തി. തെറ്റായി വാർത്ത പ്രചരിച്ചതിൽ മുംബൈയിലുള്ള സുഹൃത്ത് വിഷമത്തിലാണ്. ഞാൻ ഒരു തരത്തിലും ഈ കുറിപ്പ് എഴുതിയിട്ടില്ല. എവിടെയും ഷെയർ ചെയ്തിട്ടില്ല’’– എം.ബി.രാജേഷ് പറഞ്ഞു.
തനിക്ക് ആ കുറിപ്പിലെ ആശയത്തോട് വിയോജിപ്പില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എവിടെയും പറഞ്ഞിട്ടില്ലാത്തിടത്തോളം തന്റെ പേരിൽ അത്തരം വാർത്തകൾ പ്രചരിക്കുന്നതിലാണ് എതിർപ്പെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരിതത്തിലെ ചെലവിനെ സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. ഇത്തരം വിഷയങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ആധികാരികമായി പ്രതികരിക്കേണ്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ മന്ത്രി രാജേഷിന്റെതെന്ന പേരിൽ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്. ബിനീഷ് കോടിയേരിയടക്കം ഈ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതോടെയാണ് വിഷയത്തിൽ മനോരമ ഓൺലൈനോട് എം.ബി.രാജേഷ് പ്രതികരിച്ചത്.
(വാർത്ത കടപ്പാട് : മനോരമ )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group