തൃശ്ശൂര്‍: വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ തുക സംബന്ധിച്ച് പുറത്തുവന്ന കണക്ക് തെറ്റെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളില്‍ വന്നിരിക്കുന്നത്. കേന്ദ്രത്തിന് തയ്യാറാക്കി നൽകിയ, പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ദുരന്തം നടന്നതിനു ശേഷം കേന്ദ്രസര്‍ക്കാരിന് കേരളം ഒരു മെമ്മോറാന്‍ഡം നല്‍കിയിരുന്നു. അതിൽ കാണിച്ചിരുന്ന കണക്കാണ് ഇത്. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയിലാണ് ഇത് തയ്യാറാക്കിയത്. പ്രതീക്ഷിക്കുന്ന ചെലവ് എന്ന നിലയിലാണ് ഈ കണക്ക് നൽകിയത്. കേരളത്തിന് പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി നല്‍കിയ കണക്കാണിത്. ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ ഇതേ കണക്കുകൾത്തന്നെ സത്യവാങ്മൂലത്തിൽ സമർപ്പിക്കുകയായിരുന്നെന്നും മന്ത്രി പറയുന്നു.
ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ കണക്കുകള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പുറത്തുവിടുമെന്നും എല്ലാം സംശയങ്ങളും ദുരീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈകാതെ വാര്‍ത്താ സമ്മേളനത്തില്‍ കണക്ക് പുറത്തുവിടുമെന്നും മന്ത്രി പ്രതികരിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഹൈക്കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ നല്‍കിയിരുന്നത്. ഈ കണക്കുകള്‍ യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്ന ഇതെന്ന് വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ ചെലവാക്കിയതായും ദുരന്ത ബാധിത പ്രദേശത്തേക്ക് വളണ്ടിയര്‍മാരെയും മറ്റും എത്തിക്കാന്‍ നാലു കോടി രൂപ ചെലവിട്ടതായുമാണ് കണക്കിലുള്ളത്. സൈനികര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി പത്ത് കോടി രൂപ ചെലവാക്കിയെന്നാണ് കണക്ക്. ഇവരുടെ താമസത്തിന് വേണ്ടി മാത്രം 15 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. ദുരന്തപ്രദേശമായ ചൂരല്‍മലയില്‍നിന്നും മുണ്ടക്കൈയില്‍നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ 12 കോടിരൂപ ചെലവാക്കി. സൈന്യം നിര്‍മിച്ച ബെയ്ലി പാലത്തിന്റെ അനുബന്ധ പ്രവൃത്തികള്‍ക്ക് ഒരു കോടി രൂപ ചെലവായെന്നും കണക്കുകള്‍ പറയുന്നു.News: mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group