തിരുവനന്തപുരം: ക്രമസമാധാനപാലനത്തിന് ഉപയോഗിക്കേണ്ട രഹസ്യവിവരശേഖരണസംവിധാനം രാഷ്ട്രീയ-വ്യക്തി താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നെന്ന പരാതിയും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിന് വിനയായി.
രാഷ്ട്രീയനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഫോണ്‍ചോര്‍ത്തല്‍ ഭീഷണി നേരിടുന്നുണ്ട്. പോലീസിലെത്തന്നെ ഉദ്യോഗസ്ഥരും ഈ ഭീഷണിയിലുണ്ടെന്നതാണ് പ്രത്യേകത. പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളിലും ഇക്കാര്യമുണ്ട്. ഇന്റലിജന്‍സ് വിഭാഗത്തിന് പ്രത്യേകം എ.ഡി.ജി.പി.യുണ്ട്. എന്നാല്‍, ആ സംവിധാനത്തിന് ബദല്‍ ഒരുക്കുകയാണ് അജിത്കുമാര്‍ ചെയ്തതെന്ന പരാതിയാണ് പോലീസിനുള്ളിലുള്ളത്. പ്രത്യേകം സ്‌പെഷ്യല്‍ ബ്രാഞ്ച് സംവിധാനം ഡി.ജി.പി.യെപ്പോലുമറിയിക്കാതെ അജിത്കുമാര്‍ ഒരുക്കിയിരുന്നു. ഇത് ചിലരെ നിരീക്ഷിക്കുന്നതിനാണെന്നാണ് ആക്ഷേപം.
നിരീക്ഷണത്തിലുള്ളതിലേറെയും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരുമാണ്. സി.പി.എമ്മിനുള്ളിലെ ചിലരുടെ നീക്കം ഈ നിരീക്ഷണത്തിലുണ്ടായിരുന്നെന്ന സംശയം പല നേതാക്കള്‍ക്കുമുണ്ട്. ഈ വിവരങ്ങള്‍ ആര്, എന്തിനുവേണ്ടി ഉപയോഗിക്കുന്നെന്നത് സംശയത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഇക്കാര്യം സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളുമായി അന്‍വര്‍ രംഗത്തെത്തുന്നത്.
സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചും രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ച് ഇന്റലിജന്‍സിന് കൈമാറുന്നുണ്ട്.
ഇതിനുപുറമെയാണ്, അജിത്കുമാര്‍ തനിക്ക് വിവരംലഭിക്കാനുള്ള ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗത്തെ ഉണ്ടാക്കിയത്. ഡി.ജി.പി. പോലും അറിയാതെയായിരുന്നു ഈ സംവിധാനമൊരുക്കല്‍. ഔദ്യോഗിക രഹസ്യാന്വേഷണവിഭാഗത്തെപ്പോലും നിരീക്ഷിക്കാനുള്ള സംവിധാനമായി അജിത്കുമാറിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് മാറിയിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നുണ്ട്.
മുഖ്യമന്ത്രിപോലുമറിയാത്ത ഒരു രഹസ്യനിരീക്ഷണം ആഭ്യന്തരവകുപ്പിന്റെ തണലില്‍ നടക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് അന്‍വറിന്റെ ആരോപണത്തിനുപിന്നാലെ നടപടിയിലേക്കും സര്‍ക്കാര്‍ കടന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെയും പോലീസുദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഫോണ്‍ ചോര്‍ത്താന്‍ അജിത് കുമാര്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ട്.
അജിത് കുമാര്‍ കമ്യൂണിസ്റ്റ് വിരുദ്ധനാണ്. സമ്പര്‍ക്കം മുഴുവന്‍ സമ്പന്നരുമായാണ്. രാഷ്ട്രീയത്തില്‍ കെ.സി. വേണുഗോപാലും കെ. സുരേന്ദ്രനും അടുത്ത സുഹൃത്തുക്കളാണ്.
ക്രമസമാധാനപാലനത്തിന് ഉപയോഗിക്കേണ്ട രഹസ്യ വിവരശേഖരണ സംവിധാനം രാഷ്ട്രീയ-വ്യക്തി താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു
മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഉടമ ഷാജന്‍ സ്‌കറിയ പോലീസ് വയര്‍ലസ് സന്ദേശം ചോര്‍ത്തിയ കേസില്‍ അജിത് ഇടപെട്ടു. ജാമ്യമില്ലാ വകുപ്പില്‍ കുടുക്കാതിരിക്കാന്‍ ഇടനിലക്കാരിലൂടെ ഷാജന്റെ സഹോദരങ്ങള്‍ രണ്ടുകോടിരൂപ അദ്ദേഹത്തിന് വാഗ്ദാനംചെയ്തിരുന്നു. രണ്ടുതവണയായി ഒന്നരക്കോടിരൂപ അജിത്കുമാറിന് നല്‍കിയെന്ന ഇന്റര്‍നെറ്റ് കോള്‍ അന്‍വറിന് ലഭിച്ചിരുന്നു. ആ കോള്‍ചെയ്തത് താനാണെന്ന് ഈ ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്നുണ്ട്.
സോളാര്‍ പീഡനക്കേസുംഅട്ടിമറിച്ചു
എം.ആര്‍. അജിത്കുമാറാണ് സോളാര്‍ കേസ് അട്ടിമറിച്ചതെന്നാരോപിക്കുന്ന ശബ്ദസന്ദേശം അന്‍വര്‍ തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. താന്‍ പോലീസുദ്യോഗസ്ഥനാണെന്നും തിരിച്ചറിയാതിരിക്കാന്‍വേണ്ടി സോഫ്റ്റ്വേര്‍ ഉപയോഗിച്ച് മാറ്റംവരുത്തിയിട്ടുണ്ടെന്നും ശബ്ദസന്ദേശത്തിലുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെയും പോലീസുദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഫോണ്‍ ചോര്‍ത്താന്‍ അജിത്കുമാര്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ട്
സോളാര്‍ പീഡനക്കേസ് സി.ബി.ഐ. അന്വേഷിച്ചിട്ടും കേസിലെ പ്രമുഖര്‍ കുറ്റവിമുക്തരാവാന്‍കാരണം അജിത്താണ്. ഇവരെല്ലാം ആരോപണമുന്നയിച്ച സ്ത്രീയെ ഉപയോഗിച്ചിട്ടുണ്ട്. സി.ബി.ഐ. കേസേറ്റെടുക്കുമ്പോള്‍ അവര്‍ക്ക് നിത്യവൃത്തിക്കുപോലും പണമില്ലാത്ത സ്ഥിതിയായിരുന്നു
കെ.സി. വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം കേസ് ആരന്വേഷിച്ചാലും ആരും കുറ്റവാളികളാകില്ലെന്ന് അജിത്കുമാര്‍ ആ സ്ത്രീയെ തെറ്റിദ്ധരിപ്പിച്ചു. കേരളാപോലീസിന് നല്‍കിയ മൊഴി സി.ബി.ഐ.യോട് മാറ്റിപ്പറഞ്ഞാല്‍ ജീവിക്കാനാവശ്യമായ പണം പ്രതികളില്‍നിന്ന് വാങ്ങിനല്‍കാമെന്ന് അവരോട് അജിത്കുമാര്‍ പറഞ്ഞതിന് താന്‍ സാക്ഷിയാണ്. ഇതുവിശ്വസിച്ച് സി.ബി.ഐ.യുടെ പലചോദ്യങ്ങള്‍ക്കും ഓര്‍മ്മയില്ലെന്ന് അവര്‍ മറുപടി പറഞ്ഞതിനാലാണ് പല ഉന്നതരും രക്ഷപ്പെട്ടതെന്നും സന്ദേശത്തിലുണ്ട്.
സോളാര്‍ പീഡനപരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയുള്ള മൊഴി ഒഴിവാക്കാന്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ സമ്മര്‍ദം ചെലുത്തിയെന്നത് സമ്മതിച്ച് പരാതിക്കാരി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുടെപേരിലുള്ള കേസ് ഒഴിവാക്കാനായിരുന്നു സമ്മര്‍ദമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
2016-ല്‍ പീഡനപരാതി നല്‍കിയശേഷം പ്രത്യേകസംഘം അന്വേഷണം നടത്തുമ്പോള്‍, മൊഴികൊടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നും എങ്ങനെയാണ് മൊഴികൊടുക്കേണ്ടത് എന്നുമൊക്കെ അദ്ദേഹം പറഞ്ഞുതന്നു. ആ കേസ് സി.ബി.ഐക്ക് വിടുന്നതിനുമുന്‍പ്വരെ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തിനെതിരേയുള്ള പരാതി ഒഴിവാക്കാനാവശ്യപ്പെട്ടു.
മുന്‍മുഖ്യമന്ത്രിക്കെതിരേയും കെ.സി. വേണുഗോപാലിനെതിരേയും പോലീസിന് കൊടുത്ത മൊഴിയില്‍നിന്ന് വ്യത്യസ്തമായി മൊഴികൊടുക്കണമെന്നും ആവശ്യപ്പെട്ടു. സോളാര്‍ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരേയും സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കുണ്ടായ സ്വാധീനങ്ങള്‍ സംബന്ധിച്ചും ഏഴുമാസത്തിനുമുന്‍പ് കേന്ദ്ര വിജിലന്‍സ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.
അതില്‍ എം.ആര്‍. അജിത്കുമാറിന്റെ പേരും ഉള്‍പ്പെട്ടിട്ടുമുണ്ട്. പരാതി സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ രജിസ്റ്റര്‍ചെയ്തതായും പരാതിക്കാരി പറഞ്ഞു( കടപ്പാട് :മാതൃഭൂമി )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group