വയനാട് ഓര്‍മ്മിപ്പിച്ചത്
മോര്‍ബിദുരന്തത്തെ
; പ്രാധാനമന്ത്രി
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയിലെ കാഴ്ച ഓര്‍മ്മിപ്പിച്ചത് 1979-ല്‍ ഗുജറാത്തിനെ ദുഃഖത്തിലാഴ്ത്തിയ മോര്‍ബി ദുരന്തത്തെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
അവിടെ രക്ഷാദൗത്യത്തില്‍ പ്രവര്‍ത്തിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു. കളക്ടറേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തിലാണ് പ്രധാനമന്ത്രി ഈ ഓര്‍മ്മ പങ്കുവെച്ചത്.
'വയനാടിന്റെ ദുരന്താവസ്ഥ എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. മോര്‍ബി ദുരന്തസമയത്ത് ഞാന്‍ സന്നദ്ധപ്രവര്‍ത്തകനായിരുന്നു,
ഈ ദുരന്തം കണ്ടപ്പോള്‍ എനിക്ക് അതാണ് ഓര്‍മ്മ വന്നത്. ആ അനുഭവം ഇപ്പോഴും എന്റെ മനസ്സിലുണ്ട്''-മോദി പറഞ്ഞു.
1979 ഓഗസ്റ്റ് 11-ന് ഗുജറാത്തിലെ രാജ്‌കോട്ടില്‍ മാക്ച്ചു അണക്കെട്ട് പൊട്ടിയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.
അന്ന് മോര്‍ബി നഗരത്തില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 25000-ഓളം പേര്‍ മരിച്ചതായാണ് ഏകദേശ കണക്ക്.
60000 ആളുകള്‍ താമസിച്ചിരുന്ന മോര്‍ബി നഗരത്തില്‍ നാലു മീറ്ററോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. മോര്‍ബി ദുരന്തവാര്‍ഷികമാണ് ഞായറാഴ്ചയെന്ന പ്രത്യേകതയുമുണ്ട്.
ഒപ്പമുണ്ടെന്നത്
ഒരു വാക്കല്ല,
കരുത്താണ്
കേരളം ഒറ്റയ്ക്കല്ല, രാജ്യം കൂടെയുണ്ടെന്ന ഉറപ്പാണ് ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന വയനാട്ടിൽ വന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പറഞ്ഞത്. പകച്ചുനിൽക്കുന്ന നാടിന് അത് വലിയ സമാശ്വാസം നൽകുന്നു. ദുരന്തം ഒരു ദുഃഖസത്യമാണ്.
)
പക്ഷേ, അതോർത്ത് എന്നും കരയുക എന്നതല്ല കാമ്യം. നഷ്ടപ്പെട്ടവരുടെ ഓർമ്മകളെ ഊർജമാക്കി മുന്നോട്ടുകുതിക്കുക. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകളോടെ മുന്നോട്ടുപോവുക. ആ പാതയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും കൂടെയുണ്ടാവുമെന്ന അദ്ദേഹത്തിന്റെ വാക്കും അതിനു കരുത്താവണം. ദുരന്തബാധിതപ്രദേശവും ദുരന്തബാധിതരെയും അദ്ദേഹം സന്ദർശിച്ചു. അതിന്റെ വ്യാപ്തി നേരിട്ട് കണ്ടറിഞ്ഞു.
എല്ലാ റിപ്പോർട്ടുകൾക്കുമപ്പുറം അത് അദ്ദേഹത്തിന്റെ മനസ്സിൽ തട്ടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നുണ്ട്. ഒപ്പമുണ്ടെന്ന വാക്കാണത് . അദ്ദേഹത്തിന്റെ വാക്കുകൾ രാജ്യം താങ്ങായുണ്ടെന്ന വലിയൊരു സന്ദേശമായാണ് കേരളം ഏറ്റെടുക്കുന്നത്. ഒരുപാടു കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് ദുരന്തത്തിൽ തകർന്നത്. അവരുടെ പുനരധിവാസം സുപ്രധാനമാണ്.
ദുരന്തത്തെ തടയാനാകില്ല. എന്നാൽ, ദുരന്തബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്വമാണ് എന്നാണ് പ്രധാനമന്ത്രി വയനാട് കളക്ടറേറ്റിലെ അവലോകനയോഗത്തിനുശേഷം പറഞ്ഞത്.
ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല നടന്നുകണ്ട പ്രധാനമന്ത്രി, കിടപ്പാടം നഷ്ടപ്പെട്ടവരുടെ ക്യാമ്പും സന്ദർശിച്ചു. പരിക്കേറ്റവരെ ആശ്വസിപ്പിക്കാൻ ആശുപത്രിയിലുമെത്തി.
രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് ജൂലായ് മുപ്പതിന് വയനാട്ടിലുണ്ടായത്.
ഉറങ്ങിയുണരുമ്പോഴേക്കും രണ്ടുഗ്രാമങ്ങൾതന്നെ ഇല്ലാതായി. എത്രപേർ മരിച്ചെന്ന് തിട്ടപ്പെടുത്താനായിട്ടില്ല.
ജനകീയതിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടയിൽ പ്രധാനമന്ത്രിയെത്തുന്നത് സുരക്ഷയടക്കം പല കാര്യങ്ങളെയും ബാധിക്കുമെന്നതിനാൽ രക്ഷാപ്രവർത്തകരെല്ലാം മടങ്ങിയശേഷമാണ് അദ്ദേഹമെത്തിയത്. റിപ്പോർട്ടുകളെല്ലാം അപ്പപ്പോൾ നിരീക്ഷിച്ചുവന്ന പ്രധാനമന്ത്രി സൈനികസേവനമെത്തിച്ചു .
മലയാളിയായ കേന്ദ്രമന്ത്രി ജോർജ് കുര്യനെ വയനാട്ടിലേക്ക് പറഞ്ഞയച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ പ്രത്യേക കൺട്രോൾറൂമും തുറന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയതിന്റെ തുടർച്ചയായിട്ടാണ് അദ്ദേഹം നേരിട്ട് സംഭവസ്ഥലം സന്ദർശിക്കാനെത്തിയത്.
ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേന്ദ്രസഹായം ആവശ്യമുണ്ട്. ഇക്കാര്യം പഠിക്കുന്നതിനുള്ള കേന്ദ്രസംഘം സംസ്ഥാനത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിലേത് ദേശീയ ദുരന്തമായും അതിതീവ്രദുരന്തമായും പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. പുനർനിർമാണത്തിനായി 2000 കോടിയുടെ സഹായവും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
പുനരധിവാസത്തിന് പണം ഒരുപ്രശ്നമല്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പുനരധിവാസ പ്രവർത്തനത്തിനടക്കമുള്ള പാക്കേജ് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കുമെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ കേരളം പ്രത്യാശയോടെയാണ് കാത്തിരിക്കുന്നത്. കുടുംബം നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി പ്രത്യേകം പറഞ്ഞിട്ടുണ്ട്.
പ്രകൃതിദുരന്തങ്ങളെ തടഞ്ഞുനിർത്താനാകില്ലെങ്കിലും അവയുടെ സാധ്യത പ്രവചിക്കാനും ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കമുള്ള സുരക്ഷാസംവിധാനം ഏർപ്പെടുത്താനും ശാസ്ത്രീയസംവിധാനങ്ങളും ബോധവത്കരണവും കാര്യക്ഷമമാക്കേണ്ടതുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പ് വയനാട്ടിൽ അതിതീവ്രമഴയെ സൂചിപ്പിക്കുന്ന റെഡ് അലർട്ട് നൽകിയത് ജൂലായ് 30-ന് ഉരുൾപൊട്ടൽദുരന്തമുണ്ടായ ശേഷമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പുനൽകാനുള്ള ബാധ്യത കേന്ദ്രസർക്കാരിനാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത ഹർജിയിൽ കേരളത്തിൽ പരിസ്ഥിതി ഓഡിറ്റിങ് വേണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിട്ടുണ്ട്.
ഇത്തരം കാര്യങ്ങളും ഗൗരവമായി പരിഗണിക്കാൻ ഈ സന്ദർശനം ഉപകരിക്കുമെന്ന് നമുക്ക്
കരുതാം തളർന്നുകിടക്കുന്നവരെ പിടിച്ചുയർത്താൻ കരുത്തുറ്റ കരങ്ങൾ വേണം. രക്ഷാപ്രവർത്തകരുടെ സേവനം അതാണ് ഓർമ്മിപ്പിച്ചത്. വേദനിപ്പിക്കുന്ന രംഗങ്ങൾക്കുമുന്നിൽ അവരും തളർന്നാൽ ദുരന്തത്തിന്റെ വ്യാപ്തി കൂടുകയേയുള്ളൂ. ആശ്വാസവചനങ്ങളുമായി ദുരന്തബാധിതരെ തൊട്ടും തലോടിയും ചേർത്തുനിർത്തിയും പ്രധാനമന്ത്രി കടന്നുപോവുമ്പോൾ അത് വലിയ സമാശ്വാസമാണ്.
‘
കുഴിവെട്ടിമൂടുകവേദനകൾ
കുതികൊൾക ശക്തിയിലേക്ക് നമ്മൾ’ എന്ന ഇടശ്ശേരിയുടെ വരികളും ഓർക്കാം. പണത്തിന് കുറവുണ്ടാവില്ലെന്നതും സാധ്യമായതെല്ലാം ചെയ്യുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകളും നമുക്ക് കരുത്താവട്ടെ. തകർന്നുപോയ സ്വപ്നങ്ങൾക്ക് നമുക്ക് വീണ്ടും ചിറകുനൽകാം. വേറിട്ടുപോയവരെ ചേർത്തുപിടിക്കാം. മൃതമായതെല്ലാം പുനരുജ്ജീവിപ്പിക്കാം. നമുക്ക് കരുതലോടെ ഒറ്റമനസ്സായി മുന്നേറാം.
( കടപ്പാട് :മാതൃഭുമി )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group