കോഴിക്കോട് : പന്തീരാങ്കാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. പറമ്പിന്റെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം തകർന്നുവീണതോടെയാണ് മണ്ണിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന നിലയിൽ ഐഡി കാർഡുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വിവരം പന്തീരാങ്കാവ് പൊലീസിലും വില്ലേജ് ഓഫീസിലും അറിയിക്കുകയായിരുന്നു.
ഒളവണ്ണ പഞ്ചായത്തിലെ വോട്ടർമാർ 2015 വരെ ഉപയോഗിച്ചിരുന്ന പഴയ തിരിച്ചറിയൽ കാർഡുകളാണിതെന്ന് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചു. പുതിയ വോട്ടർ ഐഡി കാർഡുകൾ വിതരണം ചെയ്തപ്പോൾ വോട്ടർമാരിൽ നിന്ന് തിരിച്ചുവാങ്ങിയ പഴയ കാർഡുകളാകാം ഇവയെന്നാണ് നിഗമനം. ഒളവണ്ണയിൽ ബൂത്ത് ലെവൽ ഓഫീസർമാരായി (ബി.എൽ.ഒ.) പ്രവർത്തിച്ചിരുന്നവരിൽ ആരെങ്കിലും കാർഡുകൾ ഇവിടെ ഉപേക്ഷിച്ചതാകാമെന്നും കരുതുന്നുണ്ട്.
പുതിയ തിരിച്ചറിയൽ കാർഡുകൾ നൽകിയപ്പോൾ ശേഖരിച്ച പഴയ കാർഡുകൾ ചട്ടപ്രകാരം നശിപ്പിക്കാതെ സൂക്ഷിച്ചതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
എങ്കിലും, ഈ കാർഡുകൾ എങ്ങനെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ എത്തിയെന്നും ആരാണ് ഇവ ചാക്കിലാക്കി കുഴിച്ചിട്ടതെന്നും വ്യക്തമായിട്ടില്ല. പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ അർജുൻ അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ കാർഡുകൾ തുടർനടപടികൾക്കായി ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്ന് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അറിയിച്ചു. സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















