കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിങ്ങൾ ആരെയാണ് പേടിക്കുന്നതെന്നും പിന്നിൽ ആരാണെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ചോദിച്ചു. പുൽപ്പള്ളി കേസിലെ കുറ്റപത്രം ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും മറ്റ് നാല് കേസുകളിലെ നിലവിലെ സ്ഥിതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരനോടാണ് കോടതി ഈ ചോദ്യങ്ങൾ ഉന്നയിച്ചത്. അന്വേഷണത്തിൽ എന്തിനാണ് വിമുഖത കാട്ടുന്നതെന്നും എസ്.ഐ.ടിയുടെ ഇച്ഛാശക്തിക്ക് എന്തെങ്കിലും തടസം നേരിട്ടോ എന്നും കോടതി ആരാഞ്ഞു. സ്വാധീനങ്ങൾക്ക് വഴങ്ങരുതെന്ന് നിർദേശിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥന്റെ കഴിവിൽ സംശയമില്ലാത്തതിനാലാണ് അദ്ദേഹത്തെ തന്നെ നിയോഗിച്ചതെന്നും വ്യക്തമാക്കി. അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകണമെന്നും അവരെ കൂടി വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി അറിയിച്ചു.
ഒരേസമയം നിരവധി കേസുകൾ അന്വേഷിക്കുന്നതിനാൽ മതിയായ സാവകാശം ലഭിക്കുന്നില്ലെന്നും ശബരിമല കേസിലെ ഫയൽ പോലും ഒരാഴ്ചയായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും എസ്പി എസ്. ശശിധരൻ കോടതിയെ അറിയിച്ചു. മികച്ച കുറ്റപത്രം സമർപ്പിക്കുമെന്നും എസ്.ഐ.ടിക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി വാദിച്ചു. ഗാലറിക്ക് വേണ്ടിയല്ല, കോടതിക്ക് വേണ്ടിയാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരാണ് ഗാലറിക്ക് വേണ്ടി നിലപാടെടുക്കുന്നതെന്ന് കോടതി തിരിച്ചുചോദിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















