പെരിന്തൽമണ്ണ: മലയാളി നിയമവിദ്യാർഥി മുംബൈയിൽനിന്ന് കേരളത്തിലേക്ക് വരാനായി നേത്രാവതി എക്‌സ്പ്രസിൽ ബുക്ക് ചെയ്ത ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായതുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ, ഐ.ആർ.സി.ടി.സി. എന്നിവക്കെതിരേ നൽകിയ പരാതിയിൽ വിദ്യാർഥിക്ക് അനുകൂലമായി മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. റെയിൽവേയ്ക്ക് 25,000 രൂപയാണ് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പിഴയിട്ടത്. മുംബൈ കെ.സി. ലോ കോളേജിലെ നിയമവിദ്യാർഥി മഞ്ചേരി സ്വദേശി സി. യദുകൃഷ്ണൻ നൽകിയ പരാതിയിലാണ് വിധി. പെരിന്തൽമണ്ണ സ്വദേശി അഡ്വ. അശ്വിൻ രാജ് ആണ് യദുകൃഷ്ണനുവേണ്ടി ഹാജരായത്.
2024 സെപ്റ്റംബർ ഒൻപതിനാണ് ടിക്കറ്റ് റദ്ദായ സംഭവം. ബുക്ക് ചെയ്ത ശേഷം ആർ.എ.സി. 44 എന്നതിലേക്ക് അപ്‌ഡേറ്റ് ആയ ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് വെയ്റ്റിങ് ലിസ്റ്റ് 1 ആയി താഴേക്ക് മാറുകയും യാത്രയ്ക്കു മുൻപ് റദ്ദാവുകയുമായിരുന്നു. ഐ.ആർ.സി.ടി.സി. (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ആപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിലും സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് കാരണമാണ് ടിക്കറ്റ് റദ്ദാവാൻ ഇടയായതെന്ന് കമ്മിഷൻ നിരീക്ഷിച്ചു.
ഓപ്പറേഷണൽ ആവശ്യങ്ങൾ കാരണം ട്രെയിനിലെ 3 എ കോച്ച് മാറ്റി 3 ഇ കോച്ച് ഉൾപ്പെടുത്തിയതോടെയാണ് യാത്രക്കാരുടെ പുനർവിന്യാസവും റിസർവേഷൻ സ്റ്റാറ്റസിൽ മാറ്റങ്ങളും ഉണ്ടായതെന്ന് റെയിൽവേ വിശദീകരിച്ചു. ജി.എസ്.ടി. ഉൾപ്പെടെ 1,819 രൂപയായിരുന്നു ആദ്യ ടിക്കറ്റിന്റെ നിരക്ക്. ക്ലർക്കേജ് ചാർജായി 65 രൂപ കുറച്ചശേഷം 1,730 രൂപയാണ് റീഫണ്ടായി ലഭിച്ചത്. താൻ ടിക്കറ്റ് റദ്ദാക്കിയിട്ടില്ലെന്നും സ്റ്റാറ്റസ് മാറ്റുകയോ ടിക്കറ്റ് റദ്ദാക്കുകയോ ചെയ്തതിനെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചില്ലെന്നും യദുകൃഷ്ണൻ പരാതിയിൽ പറഞ്ഞു. ടിക്കറ്റ് റദ്ദാക്കിയതിനെ തുടർന്ന് 2024 സെപ്റ്റംബർ 9-ന് അതേ ട്രെയിനിൽ കറന്റ് ടിക്കറ്റ് ബുക്ക് ചെയ്താണ് പരാതിക്കാരൻ യാത്ര ചെയ്തത്.
ടിക്കറ്റ് റദ്ദാക്കിയതും അധിക തുക ചെലവഴിക്കേണ്ടിവന്നതും റീഫണ്ടിൽ തുക കുറച്ചതും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവുപ്രകാരം മുംബൈ സെൻട്രൽ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ യദുകൃഷ്ണയ്ക്ക് 20,000 രൂപ നഷ്ടപരിഹാരവും വ്യവഹാരച്ചെലവായി 5,000 രൂപയും നൽകണം.
പ്രസിഡന്റ് കെ. മോഹൻദാസൻ, അംഗങ്ങളായ സി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങിയ കമ്മിഷനാണ് ഉത്തരവിട്ടത്. 45 ദിവസത്തിനകം ഉത്തരവ് നടപ്പാക്കണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















