കൊയിലാണ്ടി : കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിന്റെ വികസന മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വിഷൻ കൊയിലാണ്ടി' കോൺക്ലേവിന് വൈവിധ്യമാർന്ന സാംസ്കാരിക പ്രദർശനത്തോടെ തുടക്കമായി. 'കൊയിലാണ്ടിയുടെ ഇന്നലെ, ഇന്ന്, നാളെ' എന്ന പ്രമേയത്തിൽ ഒരുക്കിയ പ്രദർശനം കേരള സാഹിത്യ അക്കാദമി ചെയർമാൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തിന്റെ സംസ്കാരം, തൊഴിൽ, ചരിത്രം, വാണിജ്യം, കളരി പാരമ്പര്യം തുടങ്ങിയവ അടയാളപ്പെടുത്തുന്ന അപൂർവ്വ വസ്തുക്കളാണ് പ്രദർശനത്തിലുള്ളത്. കൊയിലാണ്ടിയുടെ പഴയകാല ചരിത്രം അനാവരണം ചെയ്യുന്ന സാംസ്കാരിക മ്യൂസിയവും മികച്ച തിയേറ്റർ കോംപ്ലക്സും മണ്ഡലത്തിൽ സ്ഥാപിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കല്പറ്റ നാരായണൻ നിർദേശിച്ചു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇവ രണ്ടും യാഥാർത്ഥ്യമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ. പ്രവീൺ കുമാർ എം.എൽ.എ. ഉറപ്പുനൽകി.
ചരിത്രകാരൻ ഡോ. എം.ആർ. രാഘവവാരിയർ മുഖ്യാതിഥിയായ ചടങ്ങിൽ, 2040-ലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് കോൺക്ലേവെന്ന് മാതൃഭൂമി ന്യൂസ് എഡിറ്റർ എം.പി. സൂര്യദാസ് അഭിപ്രായപ്പെട്ടു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്‌സൺ യു.കെ. ചന്ദ്രൻ, പയ്യോളി നഗരസഭാധ്യക്ഷ എൻ. സാഹിറ, മലയാള മനോരമ കോഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, ഗായകൻ ഷാഫി കൊല്ലം, യു.കെ. രാഘവൻ എന്നിവരും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അജയ്ബോസ് (ചേമഞ്ചേരി), കെ.എൻ. ഭാസ്ക്കരൻ (ചെങ്ങോട്ടുകാവ്), ഒ.കെ. ഫൈസൽ (തിക്കോടി) എന്നിവരും ചടങ്ങിൽ സംസാരിച്ചു.
കോൺക്ലേവിന്റെ ഔദ്യോഗിക ഉദ്ഘാടനം 27-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, കൃഷിമന്ത്രി ടി. സിദ്ദിഖ്, ഫിഷറീസ്-തുറമുഖ വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ.എൻ. ഷംസുദ്ദീൻ, എം.പി.മാരായ ഷാഫി പറമ്പിൽ, പി.ടി. ഉഷ, ജില്ലയിലെ മറ്റ് എം.എൽ.എ.മാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















