കോഴിക്കോട് : നഗരത്തിലെ ഫുഡ് സ്ട്രീറ്റ് ശുചീകരിച്ച് നവീകരിക്കാൻ അധികൃതർ ശ്രമിക്കുമ്പോൾ, ബീച്ചിന്റെ മറ്റു ഭാഗങ്ങളിൽ അനധികൃത ഉന്തുവണ്ടികൾ വ്യാപകമാകുന്നു. കൾച്ചറൽ ബീച്ച്, ലയൺസ് പാർക്ക് എന്നിവയുടെ പരിസരങ്ങളിലും കോന്നാട് ബീച്ചിലുമാണ് ഇത്തരത്തിൽ വണ്ടികൾ നിരന്നിരിക്കുന്നത്. ഇതിൽ ലൈസൻസുള്ളവ ഏതെന്നും ഇല്ലാത്തവ ഏതെന്നും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
കോന്നാട് ബീച്ചിൽ നേരത്തേ വിരലിലെണ്ണാവുന്ന പെട്ടിക്കടകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ നിരവധി ഉന്തുവണ്ടികൾ ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇവയിൽ ചിലതിൽ ഭക്ഷണം പാകം ചെയ്യുന്നതടക്കമുള്ള കച്ചവടങ്ങൾ നടക്കുമ്പോൾ, മറ്റു പലതും കച്ചവടമില്ലാതെ വെറുതേ ഇട്ടിരിക്കുകയാണ്. പലയിടത്തും ഷീറ്റുകൾ വലിച്ചുകെട്ടിയാണ് കച്ചവടം നടത്തുന്നത്. പ്രദേശത്ത് നേരത്തേത്തന്നെ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പുറമെയാണ് കച്ചവടമില്ലാത്ത വണ്ടികൾ പോലും ഇത്തരത്തിൽ കൊണ്ടിടുന്നതെന്നും, ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി.
ഫുഡ് സ്ട്രീറ്റ് ആരംഭിച്ചപ്പോൾ ബീച്ചിൽ കച്ചവടം നടത്തിയിരുന്നവർക്ക് അവിടെ ലൈസൻസ് നൽകുകയും പഴയ ഉന്തുവണ്ടികൾ നീക്കം ചെയ്യാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒഴിവാക്കേണ്ട ഈ പഴയ വണ്ടികളാണ് നിലവിൽ ബീച്ചിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടിട്ടിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ആരോഗ്യവിഭാഗം പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.
ബീച്ചിലെ അനധികൃത ഉന്തുവണ്ടികൾ പൂർണ്ണമായും ഒഴിവാക്കുമെന്ന് മേയർ ഒ. സദാശിവൻ അറിയിച്ചു. വിഷയത്തിൽ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും, കൃത്യമായ ലൈസൻസുള്ള കച്ചവടക്കാർക്ക് മാത്രമേ തുടർന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















