കാസർകോട് : മെർക്കുറി കലർന്ന വ്യാജ ഫേസ്ക്രീം ഉപയോഗിച്ച് പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. വിവാദമായ 'എഫ് ട്യൂൺ' ഫേസ്ക്രീമിന്റെ കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയുടെ പേരിലുള്ളതാണെന്ന് പോലീസ് കണ്ടെത്തി. വൃക്കരോഗം ബാധിച്ച മലപ്പുറത്തെ പതിനേഴുകാരിയുമായി ബന്ധപ്പെട്ടത് ഈ നമ്പറിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. നമ്പറിന്റെ ഉടമയ്ക്ക് ഇന്ന് പോലീസ് നോട്ടീസ് നൽകും.
അതേസമയം, വിവാദങ്ങൾ ശക്തമായിട്ടും യാതൊരു നിയന്ത്രണവുമില്ലാതെ വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടരുകയാണ്. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലൂടെ എഫ് ട്യൂൺ അടക്കമുള്ള ഫെയർനെസ് ക്രീമുകൾ ഇപ്പോഴും വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്. കൊറിയർ വഴി ഉൽപ്പന്നങ്ങൾ നേരിട്ട് വീടുകളിലേക്ക് എത്തുന്നതിനാൽ ഇവ നിരീക്ഷിക്കാനോ തടയാനോ കൃത്യമായ സംവിധാനമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നിലവിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധന കടകൾ കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നത്.
സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയും ഇൻഫ്ലുവൻസർമാരിലൂടെയുമാണ് ഇത്തരം കമ്പനികൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. വ്യക്തമായ വിലാസമോ ലൈസൻസോ ഇല്ലാത്ത വിൽപ്പനക്കാരെ കണ്ടെത്താൻ കഴിയാതെ അധികൃതർ കുഴങ്ങുകയാണ്. പരാതി ഉയരുന്ന ഉൽപ്പന്നങ്ങൾ പേര് മാറ്റി വീണ്ടും വിപണിയിലിറക്കുന്ന പ്രവണതയും വ്യാപകമാണ്.
'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് പല ക്രീമുകളിലും ശരീരത്തിന് ഹാനികരമായ മെർക്കുറിയുടെ അംശം കണ്ടെത്തിയത്. കോസ്‌മെറ്റിക്‌സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും കർശന നടപടിയെടുക്കാൻ നിർദ്ദേശമുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ അംഗീകൃത ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ എന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് ഫെയർനെസ് ക്രീമിന്റെ തുടർച്ചയായ ഉപയോഗത്തിലൂടെ മലപ്പുറം സ്വദേശിയായ പതിനേഴുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച വിവരം പുറത്തുവന്നത്. ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന 'മെമ്പ്രനസ് നെഫ്രോപ്പതി' എന്ന രോഗമാണ് കുട്ടിയെ ബാധിച്ചത്. അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരാണ് രോഗകാരണം കണ്ടെത്തിയത്. വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































