തിരുവനന്തപുരം: പെട്രോളിലെ എഥനോൾ പരിശോധനയ്ക്ക് പെട്രോളിയം കമ്പനികൾ ശുദ്ധമായ പെട്രോൾ നൽകാത്തതിൽ കേന്ദ്ര ഇടപെടൽ തേടി കേരളം. വിഷയത്തിൽ കേരളം കേന്ദ്രസർക്കാരിന് കത്തയച്ചു. മന്ത്രി അനൂപ് ജേക്കബ് ആണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്ത് നൽകിയത്.
താരതമ്യ പരിശോധനയ്ക്ക് ശുദ്ധമായ പെട്രോൾ നൽകാൻ പെട്രോളിയം കമ്പനികൾ വിസമ്മതിക്കുന്നതായാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. പരിശോധന പെട്രോളിയം കമ്പനികളുടെ വിശ്വാസ്യത തകർക്കാൻ അല്ല. പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കുന്നത് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് പരിശോധനയ്ക്ക് ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ രണ്ടുതവണ പെട്രോളിയം കമ്പനികൾക്ക് കത്ത് നൽകിയിരുന്നു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി കൊച്ചി റിഫൈനറി ലിമിറ്റഡിനും കത്ത് നൽകി. കത്ത് നൽകിയെങ്കിലും ശുദ്ധമായ പെട്രോൾ നൽകാനാകില്ലെന്നായിരുന്നു കമ്പനികളുടെ നിലപാട്. 19% എഥനോൾ അടങ്ങിയ പെട്രോളാണ് ഇന്ത്യൻ ഓയിൽ കമ്പനിയും നൽകിയത്.
ഗ്യാസ് ക്രോമാറ്റോഗ്രാഫി പരിശോധനയിലൂടെയാണ് പെട്രോളിന്റെ ഗുണനിലവാരവും അതിലടങ്ങിയ എഥനോളിന്റെ അളവും പരിശോധിക്കുന്നത്. പരിശോധയ്ക്കുള്ള കിറ്റുകളടക്കം സർക്കാർ വാങ്ങിയെങ്കിലും താരതമ്യ പരിശോധനയ്ക്കായി കമ്പനികൾ ശുദ്ധമായ പെട്രോൾ നൽകാതിരുന്നത് പ്രതിസന്ധിയായിരുന്നു. കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ പെട്രോളിൽ 31 ശതമാനം എഥനോൾ കലർത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കേരളത്തിലും പരിശോധനയ്ക്ക് നടപടി ആരംഭിച്ചത്. 20 ശതമാനമാണ് അനുവദനീയമായ എഥനോളിന്റെ അളവ് എന്നിരിക്കെ കർണാടക സർക്കാരിന്റെ പരിശോധനഫലങ്ങൾ വലിയ വിവാദമായിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി അനൂപ് ജേക്കബും ഇടപെട്ട് കേരളത്തിലും സമാനപരിശോധന നടത്താൻ തീരുമാനിച്ചത്. ഇതിനായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചു. പരിശോധനയ്ക്കായി കിറ്റുകളും വരുത്തിച്ചു. എന്നാൽ, താരതമ്യ പരിശോധനയ്ക്കായി പെട്രോളിയം കമ്പനികൾ ശുദ്ധമായ പെട്രോൾ നൽകാത്തതാണ് തിരിച്ചടിയായത്. അതിനിടെ, 31 ശതമാനം എഥനോളുണ്ടെന്ന കർണാടക സർക്കാരിന്റെ കണ്ടെത്തൽ കേന്ദ്രസർക്കാരും പെട്രോളിയം കമ്പനികളും തള്ളിയിരുന്നു. കർണാടകയിലെ പരിശോധന ശാസ്ത്രീയമല്ലെന്നായിരുന്നു ഇവരുടെ വാദം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































