കൊച്ചി: പൊന്നുരുന്നിയിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ 17-കാരൻ ഓടിച്ച കാറിന് പോലീസ് പൂട്ടിട്ട സംഭവത്തിൽ, ലോക്ക് തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു. പൊന്നുരുന്നി സ്വദേശി ദീപക് എം. നായരെയാണ് (24) കടവന്ത്ര പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് കാറിന്റെ ആർ.സി. ഉടമയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
കടവന്ത്ര എസ്.ഐ. അതുൽ രാജിന്റെ നേതൃത്വത്തിൽ പൊന്നുരുന്നി ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കൈ കാണിച്ചിട്ടും കാർ നിർത്താതെ പോയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പൊന്നുരുന്നി റെയിൽവേ മാർഷൽ യാർഡിന് സമീപം പാർക്ക് ചെയ്ത നിലയിൽ കാർ കണ്ടെത്തുകയും തുടർനടപടികൾക്കായി പ്രത്യേക ലോക്കിങ് സംവിധാനം ഉപയോഗിച്ച് പൂട്ടുകയും ചെയ്തു. എന്നാൽ പിറ്റേന്ന് രാവിലെ പോലീസ് എത്തിയപ്പോൾ കാറിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു.
ആർ.സി. ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വിദേശത്തുള്ള ആർ.സി. ഉടമയുടെ സഹോദരിയുടെ 17 വയസ്സുള്ള മകനാണ് കാറോടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. തങ്ങളറിയാതെയാണ് കുട്ടി വാഹനമെടുത്തതെന്നാണ് വീട്ടുകാർ വ്യക്തമാക്കിയത്. പോലീസ് കാർ ലോക്ക് ചെയ്ത ശേഷം സ്ഥലത്തെത്തിയ 17-കാരനോട് പൂട്ട് പൊളിച്ചു നൽകാമെന്ന് ദീപക് വാഗ്ദാനം ചെയ്തിരുന്നെങ്കിലും കുട്ടി അത് നിരസിച്ചു. എന്നാൽ കൗമാരക്കാരൻ മടങ്ങിയ ശേഷം ദീപക് ലോക്ക് തകർക്കുകയായിരുന്നു. കടവന്ത്ര സ്റ്റേഷനിലെത്തിയ 17-കാരനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ദീപക്കിനെ പിടികൂടിയത്. ആർ.സി. ഉടമയുടെ മൊഴിയെടുക്കുന്നതിനുള്ള തുടർനടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































