കണ്ണൂർ: പയ്യന്നൂരിലെ സി.പി.ഐ.എം. പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്ന്, രണ്ട്, മൂന്ന് പ്രതികൾ മാത്രം കുറ്റക്കാരെന്ന് വിചാരണക്കോടതി. നാല് മുതൽ 20 വരെയുള്ള പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെ വിട്ടു. ടി.പി. ബിജു, വിപിൻ എം., വൈശാഖ് എം. എന്നീ പ്രതികൾക്കെതിരെ മാത്രമേ കൊലക്കുറ്റം നിലനിൽക്കൂ എന്നാണ് കോടതിയുടെ നിരീക്ഷണം. 4, 5, 6 പ്രതികളെ വെറുതെ വിടുന്നത് ഒന്നാം സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നതിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി. മുൻകൂട്ടി തീരുമാനിച്ച രാഷ്ട്രീയ കൊലപാതകമാണെന്നോ കേസിൽ ഗൂഢാലോചന നടന്നെന്നോ തെളിയിക്കാനായില്ലെന്നും കൊലപാതകത്തിന്റെ ഉദ്ദേശം സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി വിമർശനം ഉയർത്തി. പ്രാഥമിക മൊഴി അനുസരിച്ച് കുറ്റകൃത്യം തെളിയുന്നില്ലെന്നും സാക്ഷിമൊഴികൾ തമ്മിൽ വൈരുധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പ്രാഥമിക സാക്ഷികൾക്ക് കോടതിയിൽ വ്യക്തതയോടെ മൊഴി പറയാനായില്ലെന്നും പോലീസിന് നൽകിയ മൊഴി കോടതിയിൽ ആവർത്തിക്കാനായില്ലെന്നും വിചാരണക്കോടതി ചൂണ്ടിക്കാട്ടി. ധനരാജിന്റെ മരണമൊഴി തന്നെ നിലനിൽക്കുന്നതല്ലെന്നും സാക്ഷികളായ അമ്മയ്ക്കും ഭാര്യക്കും നടന്ന സംഭവം കൃത്യമായി വിശദീകരിക്കാൻ സാധിക്കണമെന്നില്ലെന്നും കോടതി വ്യക്തമാക്കി. അധികാരമില്ലാത്ത മജിസ്‌ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. മാധ്യമവാർത്തകളിൽ വന്ന ചിത്രങ്ങൾ കണ്ടാണ് സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതെന്ന വാദം തള്ളിയ കോടതി, പ്രതികളുടെ ടവർ ലൊക്കേഷൻ രേഖ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. ഈ വിധി സി.പി.ഐ.എമ്മിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
2016 ജൂലൈ 11-നാണ് പയ്യന്നൂർ രാമന്തളി കുന്നരുവിൽ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വീടിന് സമീപത്തുവെച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും വീടിന്റെ പുറക്‌വശത്തുവെച്ച് വീണ്ടും വെട്ടിവീഴ്ത്തുകയുമായിരുന്നു. ഭാര്യയുടെയും അമ്മയുടെയും മക്കളുടെയും മുന്നിൽവെച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ബി.ജെ.പി.-ആർ.എസ്.എസ്. സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമെന്നായിരുന്നു കേസ്.
2016 ജൂലൈ 12-നാണ് കേസിൽ ആദ്യ അറസ്റ്റ് ഉണ്ടായത്. തുടരന്വേഷണത്തിൽ 20 പേരെ പ്രതി ചേർത്തു. ഇതിനിടെ 2017 മെയ് 12-ന് പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു കൊല്ലപ്പെട്ടിരുന്നു. 2025 സെപ്റ്റംബർ 22-ന് വിചാരണ നടപടികൾ ആരംഭിച്ച കേസിൽ, ധനരാജിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെ 43 സാക്ഷികളുണ്ടായിരുന്നു; ഇതിൽ മൂന്നുപേർ കോടതിയിൽ എത്തിയിരുന്നില്ല. ധനരാജിനെ കൊലപ്പെടുത്താൻ രണ്ടിടത്ത് ഗൂഢാലോചന നടന്നെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. 127 രേഖകളും വസ്ത്രങ്ങൾ, ആയുധം, വാഹനം എന്നിവയടക്കം 33 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേസിൽ വിധി പുറത്തുവന്നിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































