വടകര: മംഗളൂരു-രാമേശ്വരം എക്‌സ്പ്രസ്, എറണാകുളം-പുണെ പൂർണ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദീർഘദൂര തീവണ്ടികൾക്ക് വടകര റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ലഭിക്കുമെന്ന യാത്രക്കാരുടെ പ്രതീക്ഷ വീണ്ടും അസ്ഥാനത്തായി. വടകരയേക്കാൾ വരുമാനവും യാത്രക്കാരുടെ എണ്ണവും കുറഞ്ഞ നീലേശ്വരം സ്റ്റേഷനിൽ ഈ രണ്ട് വണ്ടികൾക്കും കഴിഞ്ഞദിവസം പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 22 കോടി രൂപ ചെലവിൽ നവീകരണം നടത്തി അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ച വടകരയെ റെയിൽവേ വീണ്ടും തഴഞ്ഞു. വടകരയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി. റെയിൽവേ മന്ത്രിക്കും ബോർഡിനും നിവേദനം നൽകിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. പ്രതിവർഷം 31.10 കോടി രൂപ വരുമാനമുള്ള വടകര സ്റ്റേഷൻ നിലവിൽ പാലക്കാട് ഡിവിഷനിൽ വരുമാനത്തിൽ എട്ടാം സ്ഥാനത്താണ്.
രാമേശ്വരം പ്രതിവാര എക്‌സ്പ്രസിന് വടകരയിൽ സ്റ്റോപ്പ് വേണമെന്നത് സർവീസ് ആരംഭിച്ച കാലം മുതലുള്ള ആവശ്യമാണ്. ശനിയാഴ്ച രാത്രി 7.30-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വണ്ടി രാത്രി പത്തുമണിയോടെയാണ് വടകര വഴി കടന്നുപോകുന്നത്. ഇവിടെ സ്റ്റോപ്പ് അനുവദിച്ചാൽ പിറ്റേന്ന് രാവിലെ 10.50-ന് രാമേശ്വരത്തെത്താൻ ഭക്തർക്ക് ഏറെ സൗകര്യപ്രദമാകും. ഞായറാഴ്ച വൈകീട്ട് 3.30-ന് രാമേശ്വരത്തുനിന്ന് പുറപ്പെടുന്ന വണ്ടി തിങ്കളാഴ്ച പുലർച്ചെ 2.40-ഓടെയാണ് വടകര വഴി മടങ്ങുന്നത്.
വടക്കോട്ടുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ പൂർണ എക്‌സ്പ്രസിന്റെ കാര്യത്തിലും സമാനമായ അവഗണനയാണ് നേരിടുന്നത്. തിങ്കളാഴ്ച എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി 10.20-ന് കോഴിക്കോട്ടെത്തുന്ന വണ്ടി 11 മണിയോടെ വടകര വഴി കടന്നുപോകും. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തലശ്ശേരി സ്റ്റേഷനുകളിലും ഇപ്പോൾ നീലേശ്വരത്തും സ്റ്റോപ്പുള്ളപ്പോൾ കോഴിക്കോട് ജില്ലയിൽ ഒരിടത്തുമാത്രമാണ് വണ്ടി നിർത്തുന്നത്. ഇതിനുപുറമെ ഞായറാഴ്ച പുലർച്ചെ 6.30-ന് എത്തുന്ന പുതുച്ചേരി-മംഗളൂരു എക്‌സ്പ്രസിനും രാത്രി 7.30-ന് മടങ്ങുന്ന വണ്ടിക്കും വടകരയിൽ സ്റ്റോപ്പില്ല. അവധി കഴിഞ്ഞ് പുതുച്ചേരിയിലേക്ക് പഠനാവശ്യങ്ങൾക്കും മറ്റുമായി പോകുന്ന വടകരയിലെ യാത്രക്കാർ നിലവിൽ മാഹിയിലെത്തിയാണ് ഈ തീവണ്ടിയിൽ കയറുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































