മലപ്പുറം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച അനുഭവം പങ്കുവെച്ച് ഗായകൻ സലീം കോടത്തൂർ. പ്രതിരോധശേഷി പൂർണമായും നഷ്ടപ്പെടുകയും വലിയ ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയും ചെയ്ത ശേഷമാണ് എട്ടുമാസത്തെ ചികിത്സയിലൂടെ താൻ രോഗമുക്തനായതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. പത്തുവർഷം മുമ്പ് കാസർകോടുള്ള സുഹൃത്ത് വഴിയാണ് ഇത്തരമൊരു ക്രീം ലഭിച്ചതെന്നും, അന്ന് മറ്റൊരു ഗായകൻ നിറം വെച്ചത് കണ്ട് എന്താണ് ഉപയോഗിച്ചതെന്ന് ചോദിച്ചപ്പോൾ പറഞ്ഞുകൊടുത്ത ക്രീമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമവശങ്ങൾ ഉള്ളതിനാലാണ് ക്രീമിന്റെ പേര് വെളിപ്പെടുത്താത്തതെന്നും ഒന്നൊന്നര ബോട്ടിൽ ക്രീം ഉപയോഗിച്ചപ്പോൾ നന്നായി വെളുത്തതായും സലീം വിവരിച്ചു.
ക്രീം ഉപയോഗിച്ച് ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ യൂറിൻ ഇൻഫെക്ഷൻ വരികയും ഒന്നരമാസത്തോളം നിരന്തരമായി ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തു. പിന്നീട് കൺപോളയിലും കാലിലും നീര് വരികയും ശരീരം ക്ഷീണിക്കുകയും മൂത്രത്തിൽ പത കാണപ്പെടുകയും ചെയ്തു. പരിശോധനയിലാണ് ശരീരത്തിൽ പ്രോട്ടീൻ നഷ്ടപ്പെടുന്നതായി കണ്ടെത്തിയത്. പ്രോട്ടീൻ നഷ്ടപ്പെടുന്നത് തുടർന്നാൽ കിഡ്നിയോ ബ്ലഡോ തകരാറിലാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ശരീരത്തിൽ ചെയ്യാത്ത പരിശോധനകളില്ലെന്നും എല്ലാ മാസവും മൂന്നുദിവസം വീതം ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നുവെന്നും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമെന്ന് പോലും പറഞ്ഞിരുന്നതായും അദ്ദേഹം ഓർത്തെടുത്തു.
നാലുമാസം കൊണ്ട് രോഗം മൂർച്ഛിക്കുകയും മരുന്നുകൾ ഫലിക്കാത്ത അവസ്ഥയുണ്ടാകുകയും ചെയ്തതോടെ ആളുകൾക്കിടയിലേക്ക് പോകാൻ പോലും കഴിയാതെയായി. പിന്നീട് പല്ലുകൾ എടുക്കേണ്ടി വന്നതായും മുഖം കരിവാളിച്ചതായും സലീം പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥനകൊണ്ടാണ് എട്ടുമാസത്തെ ചികിത്സയ്ക്ക് ശേഷം രോഗം പൂർണമായും മാറിയതെന്നും ഡോക്ടർമാർക്ക് പോലും അത് അത്ഭുതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും ക്ഷീണവും ഉറക്കക്കുറവുമുണ്ടെന്നും പെപ്സി, കോള, സോഡ, അച്ചാർ, പപ്പടം എന്നിവ കഴിക്കാൻ സാധിക്കുന്നില്ലെന്നും പെയിൻ കില്ലർ പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സലീം വ്യക്തമാക്കി. മലപ്പുറത്ത് വ്യാജ ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് വൃക്കരോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം ജാഗ്രതാ നിർദേശം നൽകുകയും 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധനകളിൽ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സലീമിന്റെ വെളിപ്പെടുത്തൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































