തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17 കാരനായ അഭിറാമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമായ മാനസികാവസ്ഥയാണ് പ്രതിക്കുള്ളതെന്ന കൗൺസിലിംഗ് നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ചാണ് ബോർഡിന്റെ നിർണായക ഉത്തരവ്. വിചാരണ നേരിടുന്നതിന് പ്രതിക്ക് യാതൊരുവിധ മാനസിക തടസ്സങ്ങളുമില്ലെന്ന് മെഡിക്കൽ ബോർഡും റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതിയുടെ മാനസികനില വിശദമായി പരിശോധിക്കുന്നതിനായി നേരത്തെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. അവിടെ നടന്ന പരിശോധനകൾക്കും കൗൺസിലിംഗിനും ശേഷമാണ് ഡോക്ടർമാരുടെ സംഘം ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചത്.
പ്രായപൂർത്തിയാകാത്തയാളെന്ന പരിഗണന നൽകി പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും മെഡിക്കൽ ബോർഡിലെ കണ്ടെത്തലുകളും ശരിവെച്ചുകൊണ്ടാണ് ജാമ്യം നിഷേധിച്ചത്. കേസിൽ തുടർനടപടികൾ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കൗൺസിലിംഗിലൂടെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തലയ്ക്ക് തേങ്ങ കൊണ്ടുള്ള ഇടിയേറ്റാണ് അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് എത്തിച്ച ശേഷം ഉണ്ടായ തർക്കത്തിനിടെ ഒന്നാം പ്രതി തേങ്ങ കൊണ്ട് അഭിരാമിന്റെ തലയ്ക്ക് ശക്തിയായി ഇടിക്കുകയായിരുന്നു.
ഇടിയിൽ ബോധം നശിച്ച അഭിരാമിനെ അവിടെ ഉപേക്ഷിച്ച ശേഷം പുറത്തുപോയി കൂട്ടാളി ഒമറിനെയും കൂട്ടി മടങ്ങിയെത്തിയ പ്രതി, അർധബോധാവസ്ഥയിൽ കിടന്ന അഭിരാമിനെ ഉണർത്തിയ ശേഷം ഇരുവരും ചേർന്ന് ബെൽറ്റ് മുറുക്കിയും മറ്റും കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ അഭിരാമിനെ അടിക്കാൻ ഉപയോഗിച്ച തേങ്ങ കണ്ടെത്തി. പോസ്റ്റ്മാർട്ടത്തിൽ തലയോട്ടിക്ക് ക്ഷതമേറ്റതായി തെളിഞ്ഞിരുന്നതിൽ ഇതോടെ വ്യക്തത വന്നു.
പ്രണയത്തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഒന്നാം പ്രതിയുടെ മുൻ കാമുകിയുമായി അഭിറാമിന്റെ സുഹൃത്ത് അടുപ്പത്തിലായതിനെ തുടർന്ന് ഈ സുഹൃത്തിനെ ആക്രമിക്കാനായിരുന്നു പ്രതികൾ ആദ്യം പദ്ധതിയിട്ടിരുന്നത്. ഇതിനായി പെൺസുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി സന്ദേശമയച്ചാണ് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ അഭിറാമിനോട് സുഹൃത്തിനെ വിളിച്ചുവരുത്താൻ പ്രതി ആവശ്യപ്പെട്ടു. സുഹൃത്ത് വരാതിരുന്നതോടെ അഭിറാമും പ്രതിയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നാണ് തേങ്ങ കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































