കൊച്ചി: മലപ്പുറം ജില്ലയിൽ ചർമ്മം വെളുപ്പിക്കുന്ന ക്രീമുകളുടെ ഉപയോഗത്തെത്തുടർന്ന് പെൺകുട്ടികൾക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തോടെ, സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാര പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിന് കീഴിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക കോസ്മെറ്റിക് ടെസ്റ്റിംഗ് ലബോറട്ടറി സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം. മെർക്കുറി ഉൾപ്പെടെയുള്ള ഹാനികരമായ രാസഘടകങ്ങൾ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ വൃക്കകൾ ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്. കുട്ടികളിലും കൗമാരക്കാരിലും ലിപ്സ്റ്റിക്ക്, ഫെയ്സ് ക്രീം, സ്കിൻ വൈറ്റനിംഗ് ക്രീമുകൾ എന്നിവയുടെ ഉപയോഗം വ്യാപകമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇവയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.
സൗന്ദര്യവർധക വസ്തുക്കളിലെ മെർക്കുറി, ലെഡ്, ആർസെനിക് തുടങ്ങിയ മാരക വിഷലോഹങ്ങളുടെ സാന്നിധ്യം കൃത്യമായി കണ്ടെത്താൻ ഐ.സി.പി.-എം.എസ്. (ICP-MS), ഐ.സി.പി.-ഒ.ഇ.എസ്. (ICP-OES), എ.എ.എസ്. (AAS), മെർക്കുറി അനലൈസർ തുടങ്ങിയ ആധുനിക പരിശോധനാ ഉപകരണങ്ങൾ ലാബിൽ സജ്ജമാക്കണമെന്നാണ് ആവശ്യമുയരുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ വിപണനം തടയുന്നതിനുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പരിശോധനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
അതേസമയം, വടക്കൻ കേരളത്തിലെ മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും ഗുണനിലവാര പരിശോധനയ്ക്കായി കോഴിക്കോട് കേന്ദ്രീകരിച്ച് ആധുനിക ലബോറട്ടറി സ്ഥാപിക്കണമെന്ന് ഫാർമഫെഡ് ആവശ്യപ്പെട്ടു. നിലവിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ലാബുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിൽ മാത്രമാണുള്ളത്. മലബാറിലെ ഈ പോരായ്മ പരിഹരിക്കാൻ മുൻപും നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. വ്യാജ ഉൽപ്പന്നങ്ങളുടെ വ്യാപനം തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും സർക്കാർ അടിയന്തരമായി കോഴിക്കോട്ട് ലാബ് അനുവദിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































