തിരുവനന്തപുരം: മലപ്പുറത്ത് വ്യാജ സൗന്ദര്യവർധക ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന് പിന്നാലെ, വിപണിയിലെ വ്യാജ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾക്കെതിരെ അതീവ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രംഗത്തെത്തി. 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി വകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളിൽ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവർധക വസ്തുക്കളാണ് പിടിച്ചെടുത്തത്. പാകിസ്താൻ നിർമിതമായ രണ്ട് ഫെയർനെസ് ക്രീമുകളിലാണ് ഏറ്റവും കൂടുതൽ വിഷാംശം കണ്ടെത്തിയത്. ഒരു പി.പി.എം. (ppm) മെർക്കുറി മാത്രം അനുവദനീയമായ സ്ഥാനത്ത് ഈ ക്രീമുകളിൽ 20,000 പി.പി.എം. വരെ മെർക്കുറിയുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ഇതിനുപുറമെ മീതൈൽ ആൽക്കഹോൾ അടങ്ങിയ പെർഫ്യൂമുകളും പിടിച്ചെടുത്തിട്ടുണ്ട്.
നിറം വർധിപ്പിക്കാനും ചർമത്തിന് തിളക്കം ലഭിക്കാനുമായി കൗമാരക്കാരും യുവാക്കളും യാതൊരു പരിശോധനയുമില്ലാതെ ക്രീമുകൾ വാരിത്തേക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളാണ് പരിശോധനയിൽ പിടികൂടിയവയിൽ ഏറെയും. നിർമാണ ലൈസൻസ്, നിർമാതാവിന്റെ മേൽവിലാസം, ചേരുവകൾ എന്നിവ വ്യക്തമായി രേഖപ്പെടുത്താത്ത സൗന്ദര്യവർധക വസ്തുക്കൾ യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്ന് വകുപ്പ് നിർദേശിച്ചു.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വിൽപ്പന നടത്തുന്ന വ്യാജ കമ്പനികൾക്കുമേൽ നേരിട്ട് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിലവിൽ പരിമിതികളുണ്ടെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം വ്യക്തമാക്കുന്നു. അതിനാൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ സ്വയം ജാഗ്രത പാലിക്കുക മാത്രമാണ് ഏക പോംവഴി. അംഗീകാരമില്ലാത്തതും വിലകുറഞ്ഞതുമായ വ്യാജ ക്രീമുകളുടെ ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നതിനൊപ്പം മാരകമായ ചർമരോഗങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































