പന്തീരാങ്കാവ്: സിറ്റി-പന്തീരാങ്കാവ് റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ജീവനക്കാർ തമ്മിലുള്ള പരസ്യമായ തെറിവിളിയും കൂട്ടയടിയും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കോന്തനാരി സലീന പാലസിന് സമീപം പെരുമണ്ണ റൂട്ടിലോടുന്ന 'ഇഷികമോൾ', പൊക്കുന്ന് വരെയോടുന്ന 'ഗുരുകൃപ' എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് നടുറോഡിൽ കൂട്ടയടിയുണ്ടായത്. വൈകീട്ട് നാലരയോടെ കോട്ടപ്പറമ്പ്, കല്ലായി റോഡ് എം.സി.സി. ബാങ്ക് ഭാഗങ്ങളിൽ വെച്ച് ബസുകൾ തട്ടിക്കലും തെറിവിളിയും ആരംഭിച്ചിരുന്നു. സിറ്റി മുതൽ കിണാശ്ശേരി വരെയും പരസ്പരം പ്രകോപനം തുടർന്ന ശേഷം പൊക്കുന്ന് വരെ മാത്രം സർവീസ് നടത്തുന്ന 'ഗുരുകൃപ' ആളെയിറക്കി കോന്തനാരിയിൽ നിർത്തിയിട്ടതോടെയാണ് സംഘർഷം കൂട്ടയടിയിലേക്ക് നീങ്ങിയത്.
സംഘർഷത്തിനിടെ ഇരുബസുകളിലെയും ജീവനക്കാർ പരസ്പരം ബസുകളുടെ ചില്ലുകൾ അടിച്ചുപൊട്ടിച്ചു. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് ജീവനക്കാരെ പിടിച്ചുമാറ്റിയത്. ഇതിനിടെ പെരുമണ്ണ ബസിൽനിന്ന് യാത്രക്കാരെ ഇറക്കിവിടാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും യാത്രക്കാർ കൂട്ടമായി എതിർത്തതോടെ ബസ് സർവീസ് തുടരുകയായിരുന്നു. ജീവൻ പണയംവെച്ചാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നതെന്നും ജീവനക്കാരുടെ മോശം പെരുമാറ്റവും മത്സരയോട്ടവും വലിയ പ്രയാസമുണ്ടാക്കുന്നതായും യാത്രക്കാർ പരാതിപ്പെടുന്നു.
അതേസമയം, പെരുമണ്ണ പാറമ്മൽ അങ്ങാടിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിന്റെ മുൻവശത്തെ ചില്ല് അടിച്ചുതകർത്ത സംഭവവുമുണ്ടായി. മാവൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന 'സ്വരരാഗം' ബസിന്റെ മുൻവശത്തെ ചില്ലാണ് ശനിയാഴ്ച പുലർച്ചെ 2.42-ഓടെ പൂർണമായും തകർത്തത്. മാവൂർ-മുക്കം-കോഴിക്കോട് റൂട്ടിലോടുന്ന 'കൊമ്പൻ' ബസിന്റെ മാനേജരും മകനുമാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് സ്വരരാഗം ബസ് നടത്തിപ്പുകാരനായ പാറമ്മൽ കല്ലുവെട്ടുകുഴിയിൽ ജിഷ്ണു പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി. സമയക്രമത്തെച്ചൊല്ലി നേരത്തേ നിലനിന്നിരുന്ന തർക്കത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും ചില്ല് തകർക്കുന്ന ദൃശ്യങ്ങൾ ബസിലെയും സമീപത്തെയും സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































