കോഴിക്കോട്: ബീച്ചിലെ പൊതുസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ശനിയാഴ്ച വൈകീട്ട് ബീച്ചിൽ നേരിട്ടെത്തി പരിശോധന നടത്തി. ബീച്ചിലെ ഓപ്പൺ സ്റ്റേജ് മുതൽ ഭട്ട് റോഡ് വരെയുള്ള ഭാഗങ്ങളിൽ യാതൊരു സുരക്ഷയുമില്ലെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് സിറ്റി പോലീസ് നവംബർ ആദ്യവാരം ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈകീട്ട് നാലുമുതൽ അഞ്ചരവരെ കോതി ബീച്ച് മുതൽ പുതിയാപ്പ ഹാർബർ വരെയുള്ള ഭാഗങ്ങളിലായിരുന്നു വിശദമായ പരിശോധന.
രാത്രികാലങ്ങളിൽ ബീച്ചിലെ പല ഭാഗങ്ങളും പൂർണമായും ഇരുട്ടിലാണെന്നും ഇത് കുടുംബസമേതം എത്തുന്ന സന്ദർശകരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രീഡം സ്ക്വയറിൽ മൂന്ന് പോസ്റ്റുകളിലായി സ്ഥാപിച്ച പതിനെട്ട് ലൈറ്റുകളിൽ നാലെണ്ണം മാത്രമാണ് നിലവിൽ പ്രകാശിക്കുന്നത്. കൂടാതെ, നിരീക്ഷണ ക്യാമറകളുടെ അഭാവം സാമൂഹികവിരുദ്ധരുടെ ശല്യത്തിന് കാരണമാകുന്നുണ്ട്. കൃത്യമായ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ നടപ്പാതകളിൽ ഉൾപ്പെടെ വാഹനങ്ങൾ നിർത്തിയിടുന്നത് സന്ദർശകരുടെ കാൽനടയാത്ര പോലും ദുസ്സഹമാക്കുന്നതായി പോലീസും പൊതുജനങ്ങളും കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.
ബീച്ചിലെ ഭക്ഷ്യസുരക്ഷയും ശുചിത്വവും കർശനമായി നിരീക്ഷിക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇവിടെയുള്ള 90 കടകളിൽ ലൈസൻസ് മാനദണ്ഡങ്ങളും ശുചിത്വ ചട്ടങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന 40 കടക്കാർക്ക് നോട്ടീസ് നൽകാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. നിയമലംഘനം തുടരുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാനും പൊതുവഴിയിൽ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ ഗ്യാസ് സിലിൻഡറുകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നത് കർശനമായി തടയാനും കളക്ടർ ഉത്തരവിട്ടു. ഭക്ഷ്യമാലിന്യ സംസ്കരണത്തിനും അഴുക്കുവെള്ളം ഒഴുക്കുന്നതിനും ശാസ്ത്രീയമായ സംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയും പരിശോധനയിൽ വിലയിരുത്തി.
24 മണിക്കൂർ ലൈഫ് ഗാർഡ് സംവിധാനം ഏർപ്പെടുത്തി കടൽസുരക്ഷ ശക്തമാക്കുക, ബീച്ചിലെ നിരീക്ഷണ സംവിധാനങ്ങൾ സിറ്റി പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുക, വിനോദസഞ്ചാര സ്മാരകങ്ങളും ശില്പങ്ങളും സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും സംഘം പരിശോധിച്ചു. സബ് കളക്ടർ എസ്. ഗൗതംരാജ്, സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി, കൗൺസിലർ സഫറി വെള്ളയിൽ, ടൗൺ അസിസ്റ്റന്റ് കമ്മിഷണർ അഷ്റഫ് തെങ്ങലക്കണ്ടി, ഇൻസ്പെക്ടർ പി. ജിതേഷ്, എസ്.ഐ.മാരായ സജി ഷിനോബ്, വി.ടി. ഹരീഷ് കുമാർ എന്നിവരും ഡി.ടി.പി.സി., ടൂറിസം, തുറമുഖം, പൊതുമരാമത്ത്, കെ.എസ്.ഇ.ബി., ഭക്ഷ്യസുരക്ഷ, ആരോഗ്യം, ശുചിത്വമിഷൻ, ആർ.ടി.ഒ., കെ.എസ്.ആർ.ടി.സി., ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































