തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ രൂപത്തിലുള്ള സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നു. ഓൺലൈൻ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച കോഴിക്കോട് ഉണ്ണികുളം സ്വദേശികളായ ദമ്പതികൾക്ക് 26 ലക്ഷം രൂപയാണ് നഷ്ടമായത്. ട്രേഡിങ്ങിലൂടെ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്താണ് സൈബർ സംഘം ഇവരെ വലയിലാക്കിയത്. ഫേസ്ബുക്ക് വഴി ലഭിച്ച ഷെയർ ട്രേഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ദമ്പതികൾ പല തവണകളായി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭവിഹിതം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ വിവരം ഇവർ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കസ്റ്റമർ കെയർ നമ്പറിന്റെ പേരിലും സംസ്ഥാനത്ത് തട്ടിപ്പ് നടക്കുന്നുണ്ട്. പ്രമുഖ ബാങ്കിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളം കണയന്നൂർ സ്വദേശിയായ 81-കാരൻ ബാലരാജ പണിക്കരുടെ 1.18 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഗൂഗിളിൽ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ ഇദ്ദേഹത്തിന് തട്ടിപ്പ് സംഘം അപ്‌ലോഡ് ചെയ്ത വ്യാജ നമ്പറാണ് ലഭിച്ചത്. ഈ നമ്പറിൽ ബന്ധപ്പെട്ടതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ തട്ടിപ്പുകാർ രണ്ട് അക്കൗണ്ടുകളിൽ നിന്നായി പണം പിൻവലിക്കുകയായിരുന്നു.
വാഹന ചലാന്റെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വഴിയും നിരവധി പേർക്ക് പണം നഷ്ടമാകുന്നുണ്ട്. ഇലക്ട്രിക് സ്കൂട്ടറിന് പിഴയുണ്ടെന്ന പേരിൽ വന്ന വ്യാജ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ കോഴിക്കോട് നല്ലളം സ്വദേശിയായ യുവതിക്ക് ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായി. സമാനമായ തട്ടിപ്പിൽ മറ്റൊരു നല്ലളം സ്വദേശിക്ക് 30,000 രൂപയും നഷ്ടമായിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































