കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനെയും സംസ്ഥാന സമിതി അംഗം ടി.വി. രാജേഷിനെയും എറണാകുളം പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഇരുവർക്കുമെതിരെ തെളിവില്ലെന്ന് വിലയിരുത്തിയാണ് കോടതി ഇവരെ വെറുതെ വിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത്, ഗണേശൻ എന്നിവരുൾപ്പെടെ കേസിലെ 18 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയപ്പോൾ ഒന്നാം പ്രതി സുമേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. വിധി കേൾക്കാൻ പി. ജയരാജനും ടി.വി. രാജേഷും കോടതിയിൽ നേരിട്ടെത്തിയിരുന്നു.
2012 ഫെബ്രുവരി 20-നാണ് കണ്ണൂർ കീഴറ വള്ളുവൻ കടവിൽ വെച്ച് 18 വയസ്സുകാരനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ച് പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം. ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവെക്കുകയും, മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പുവരുത്തിയ ശേഷം സ്വന്തം നിലയിൽ വിചാരണ നടത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ്, ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയെ തുടർന്ന് 2016 ഫെബ്രുവരിയിൽ ഹൈക്കോടതി സിബിഐക്ക് കൈമാറുകയായിരുന്നു. മൂന്ന് വർഷത്തിന് ശേഷം 2019 ഫെബ്രുവരി 11-നാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ആകെ 81 സാക്ഷികളുണ്ടായിരുന്ന കേസിൽ ഗണേശൻ, വിജേഷ്, കെ. പ്രകാശൻ, ഉമേശൻ, ലതീഷ്, സി.എൻ. മോഹനൻ, നിതിൻ, സുധാകരൻ, നവീൻ, ശ്യാംജിത്ത്, ഷാജി, പ്രകാശൻ മുതുവാനി, അജയകുമാർ എൻ.പി., രാജീവൻ പി.എസ്., ബാബു, യു.വി. വേണു, പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































