കോഴിക്കോട്: ഔദ്യോഗിക തിരക്കുകൾ മാറ്റിവച്ച് കുട്ടികളിലൊരാളായി കളിച്ചും ചിരിച്ചും വിശേഷങ്ങൾ പങ്കുവെച്ചും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ‘കുട്ട്യോളും കളക്ടറും’ സൗഹൃദ സംവാദ പരിപാടിയുടെ ഏഴാം പതിപ്പിലാണ് എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം കളക്ടർ സമയം ചെലവഴിച്ചത്. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ 30 വിദ്യാർഥികളും ഏഴ് അധ്യാപകരുമടങ്ങിയ സംഘമാണ് കളക്ടറുമായി സംവദിക്കാനായി ചേംബറിലെത്തിയത്. കുട്ടികളുമായി സൗഹൃദം പങ്കുവെച്ച കളക്ടർ വിവിധ കളികളിലും പങ്കുചേർന്നതോടെ പതിവ് ഗൗരവം നിറഞ്ഞ ചേംബർ കളിചിരികളാൽ സജീവമായി.
ദി ലിസ്റ്റ്, ഹ്യൂമൻ ഷേപ്സ്, വിസ്പർ റിലേ തുടങ്ങിയ രസകരമായ ഐസ് ബ്രേക്കിംഗ് സെഷനുകളിലൂടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് കുട്ടികളുമായി നേരിട്ട് സംവദിച്ച കളക്ടർ അവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ലളിതമായ ഭാഷയിൽ മറുപടി നൽകി. ‘കുട്ട്യോളും കളക്ടറും’ എന്ന പരിപാടിയുടെ ലക്ഷ്യമെന്തെന്ന കുട്ടികളുടെ ചോദ്യത്തിന്, ഈ കൂടിക്കാഴ്ച ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറുമെന്നും കുട്ടികൾക്ക് അത് പ്രചോദനമാകുമെന്നും കളക്ടർ മറുപടി നൽകി. പഠനകാലത്തെ അനുഭവങ്ങൾ, ജില്ലയിലെ വികസന കാഴ്ചപ്പാടുകൾ, കളക്ടറാകാൻ എന്തൊക്കെ പഠിക്കണം തുടങ്ങിയ വിഷയങ്ങളും സംവാദത്തിൽ ചർച്ചയായി.
പഠിച്ച് ജീവിതത്തിൽ ഉയരങ്ങളിലെത്തുന്നതിനൊപ്പം ചുറ്റുമുള്ളവരെയും ചേർത്തുപിടിക്കണമെന്നും അവരുടെ പ്രയാസങ്ങൾ മനസിലാക്കി പിന്തുണയ്ക്കണമെന്നും കളക്ടർ കുട്ടികളെ ഓർമ്മിപ്പിച്ചു. ‘പഠിച്ച് പഠിച്ച് നല്ല മനുഷ്യരാവുക’ എന്ന സന്ദേശവും അവർ വിദ്യാർഥികൾക്ക് നൽകി. സ്കൂൾ പ്രധാനാധ്യാപകൻ എം.വി. അനിൽകുമാർ, അധ്യാപകരായ സി.കെ. അബ്ദുൽ അമീർ, കെ.എം. അരുൺജിത്, സവിത പി. മോഹൻ, ടി.പി. സിജില, ഇ. ഷീല, കെ.ജി. പ്രജിഷ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































