കോഴിക്കോട്: നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് യാത്രാക്കപ്പൽ സർവീസ് പുനരാരംഭിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 'മിഷൻ സമുദ്ര' പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട്ടിൽനിന്നുള്ള ശുഭം എന്റർപ്രൈസസാണ് സർവീസ് നടത്തുന്നത്. 250 പേർക്ക് യാത്രചെയ്യാവുന്ന വിദേശനിർമിത കപ്പലായ 'തേജ'യുടെ അവസാനഘട്ട അറ്റകുറ്റപ്പണികൾ നിലവിൽ ബേപ്പൂരിൽ പുരോഗമിക്കുകയാണ്. സാധാരണ യാത്രക്കാർക്കുപുറമേ ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരികളെക്കൂടി ലക്ഷ്യമിടുന്ന കപ്പലിൽ ബിസിനസ്, ഇക്കോണമി ക്ലാസ് ഇരിപ്പിടങ്ങളുണ്ടാകും.
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചിട്ടുള്ളതിനാൽ ഡിസംബറോടെ സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. അറ്റകുറ്റപ്പണി പൂർത്തിയാവുന്നതോടെ ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിങ്ങിന്റെ പരിശോധന നടക്കും. ഇതിനുപുറമെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെയും ഷിപ്പിങ് ഡയറക്ടർ ജനറലിന്റെയും അനുമതികൂടി ലഭിക്കേണ്ടതുണ്ട്. രാവിലെ ആറുമണിക്ക് ബേപ്പൂരിൽനിന്ന് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ആലോചിക്കുന്നത്.പകൽസമയത്ത് മാത്രം സർവീസ് നടത്താവുന്ന ഈ അതിവേഗ കപ്പലിന്റെ യാത്രാനിരക്കും സർവീസ് ദിവസങ്ങളും ട്രയൽ റണ്ണിനുശേഷമേ തീരുമാനിക്കൂ.
കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് 12 മണിക്കൂർ വരെ യാത്രാസമയം എടുക്കുമ്പോൾ, ബേപ്പൂരിൽനിന്ന് അഞ്ചുമുതൽ ആറുമണിക്കൂർകൊണ്ട് ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിലെത്താനാകും. 2022-ൽ 'ദീപ്സേതു' കപ്പൽ സർവീസ് നിർത്തലാക്കിയതോടെ വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം എന്നിവയ്ക്കായി പതിറ്റാണ്ടുകളായി കോഴിക്കോടിനെ ആശ്രയിച്ചിരുന്ന ദ്വീപ് നിവാസികൾ കൊച്ചിയെയും മംഗളൂരുവിനെയുമാണ് ആശ്രയിച്ചിരുന്നത്. വിഷയത്തിൽ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ചനടത്തിയതായും അനുകൂലമായ സമീപനമാണ് ലഭിച്ചതെന്നും നാഷണൽ ട്രേഡേഴ്‌സ് വെൽഫെയർ ബോർഡ് അംഗം സിറാജുദ്ദീൻ ഇല്ലത്തൊടി അറിയിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് 400 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന കപ്പൽ സർവീസ് നടത്തുന്ന കമ്പനിയാണ് ശുഭം എന്റർപ്രൈസസ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































