കോഴിക്കോട്: കോടികൾ ചെലവഴിച്ച് നവീകരിച്ച കോഴിക്കോട് ബീച്ച് രാത്രികാലങ്ങളിൽ പൂർണ്ണമായും ഇരുട്ടിലമരുന്നതോടെ സന്ദർശകരുടെ സുരക്ഷ അപകടത്തിലാകുന്നു. പ്രധാന ബീച്ചിലെ നടപ്പാതയിലെ വിളക്കുകൾ മാത്രമാണ് നിലവിൽ കത്തുന്നത്. ഇതൊഴിച്ചാൽ ഫുഡ് സ്ട്രീറ്റിലെയും കാർണിവലുകളിലെയും വെളിച്ചം മാത്രമാണ് ബീച്ചിലെത്തുന്നവർക്ക് ഏക ആശ്രയം. നടപ്പാതയ്ക്ക് താഴെയുള്ള തീരപ്രദേശത്ത് എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തവിധം കൂരിരുട്ടാണ്. ഫ്രീഡം സ്ക്വയറിലെ ഓപ്പൺ സ്റ്റേജിനുള്ളിൽ മാത്രമാണ് വെളിച്ചമുള്ളത്, എന്നാൽ ഇത് പുറത്തേക്ക് എത്തുന്നില്ല. സ്റ്റേജിന് പിന്നിലായി നിരവധി ആളുകൾ വിശ്രമിക്കാനിരിക്കുന്ന ഇരിപ്പിടങ്ങളുള്ള ഭാഗവും ഇരുട്ടിലാണ്. റോഡിനോട് ചേർന്ന് ബീച്ചിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ള പരസ്യബോർഡുകൾ സ്ഥാപിച്ച വിളക്കുകാലുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് പ്രവർത്തിക്കുന്നത്.
ബീച്ചിലെ ഏറ്റവും ഭീതിജനകവും നിഗൂഢവുമായ ഇടമായി മാറിയിരിക്കുന്നത് ലയൺസ് പാർക്കും പരിസരപ്രദേശവുമാണ്. നഗരവത്കരണത്തിന്റെ ഭാഗമായി കോടികൾ മുടക്കി നിർമ്മിച്ച ഈ പാർക്ക് വെളിച്ചമില്ലാത്തതിനാൽ ശവപ്പറമ്പിന് സമാനമായ അവസ്ഥയിലാണുള്ളത്. നിലവിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഈ പാർക്കിനുള്ളിൽ തീരെ വെളിച്ചമില്ല. പാർക്കിന് പിൻഭാഗത്ത് വിളക്കുകാലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയിലൊന്നും വിളക്കുകളില്ലാത്തത് സാമൂഹികവിരുദ്ധർക്ക് താവളമൊരുക്കാൻ കാരണമാകുന്നു.
അതേസമയം, തീരത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ ഇപ്പോൾ അല്പമെങ്കിലും വെളിച്ചം ലഭിക്കുന്നത് അനധികൃത കച്ചവടക്കാരിലൂടെയാണെന്നതാണ് വിരോധാഭാസം. ഫുഡ് സ്ട്രീറ്റ് ഒരുക്കുന്നതിന്റെ ഭാഗമായി ബീച്ചിലെ ഉന്തുവണ്ടിക്കച്ചവടക്കാരെ അധികൃതർ പൂർണ്ണമായും ഒഴിപ്പിച്ചിരുന്നു. എന്നാൽ ഒഴിപ്പിക്കപ്പെട്ടവരിൽ ചിലർ തീരത്തോട് ചേർന്ന് വീണ്ടും കച്ചവടം നടത്തുന്നുണ്ട്. ഈ തട്ടുകടകളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് നിലവിൽ കടൽത്തീരത്ത് എത്തുന്നവർക്ക് ആശ്വാസമാകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































