തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുന്ന എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യങ്ങൾ ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്യും. സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഡിവിഷൻ ഫാൾ സംഭവിച്ച സ്കൂളുകളിലെങ്കിലും വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കാനുള്ള തീരുമാനത്തിനാണ് സാധ്യത. ഇതിനൊപ്പം, നേരത്തെ സമരക്കാർക്ക് നൽകിയ നാല് ഉറപ്പുകൾ സർക്കാർ ഉത്തരവായി പുറത്തിറക്കുന്നതും മന്ത്രിസഭയുടെ പരിഗണനയിലുണ്ട്.
മന്ത്രിസഭായോഗത്തിന് ശേഷം എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സുമായി സർക്കാർ ചർച്ച നടത്തും. വളർമതി ഉൾപ്പെടെയുള്ള സമരസമിതി പ്രതിനിധികൾ വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഡിവിഷൻ ഫാൾ വന്ന എൽ.പി. സ്കൂളുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി കുറയ്ക്കണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. ഇത് നടപ്പിലാക്കിയാൽ പ്രതിവർഷം 800 നിയമനങ്ങൾ വരെ നടക്കും. അതേസമയം, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകി നിശ്ചിത വർഷത്തേക്ക് മാത്രം അനുപാതം കുറച്ച് സമരം ഒത്തുതീർപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത് എന്നാണ് സൂചന.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ഇന്ന് 136-ാം ദിവസത്തിലേക്ക് കടന്നു. 24 ദിവസമായി നിരാഹാരം തുടരുന്ന വളർമതി നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്നലെ പരിശോധന നടത്തുകയും വളർമതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
നിരാഹാരം തുടർന്നാൽ ജീവൻ തന്നെ അപകടത്തിലാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർജലീകരണം മൂലം ഞരമ്പുകൾ ചുരുങ്ങിയതിനാൽ ഡ്രിപ്പ് ഇടാൻ പോലും പ്രയാസമാണെന്നും രക്തത്തിലെ ഇലക്ട്രോലൈറ്റുകളുടെ അളവ് തീരെ കുറഞ്ഞെന്നും ആർ.എം.ഒ. വ്യക്തമാക്കി. നിരാഹാരം അവസാനിപ്പിക്കാൻ ആശുപത്രി അധികൃതർ നിർദേശിച്ചെങ്കിലും വളർമതി വഴങ്ങിയിട്ടില്ല. സമരപ്പന്തലിൽ റാങ്ക് ഹോൾഡറായ എം. ജയകൃഷ്ണനും നിരാഹാരസമരം തുടരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































