കോഴിക്കോട്: ആറുവരി ദേശീയപാതയിൽ വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള യാത്രയിൽ ഉടനീളം ഗതാഗത നിയമലംഘനങ്ങളുടെ പരമ്പര. നിയമലംഘനങ്ങൾക്ക് കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും പാതയിലുടനീളം സ്ഥാപിച്ചിട്ടുള്ള സൂചനാബോർഡുകൾ അവഗണിച്ചുള്ള അപകടകരമായ ഡ്രൈവിങ്ങാണ് തുടരുന്നത്. ഉച്ചസമയത്ത് വാഹനത്തിരക്ക് കുറവാണെങ്കിലും നിയമം ലംഘിക്കാൻ മത്സരിക്കുന്ന കാഴ്ചയാണ് പാതയിലുള്ളത്.
ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് പ്രവേശനാനുമതി ഇല്ലാത്ത പാതയിലൂടെ കൂടുതലായും സഞ്ചരിക്കുന്നത് ഇത്തരം വാഹനങ്ങളാണ്. സർവീസ് റോഡുകളിൽ നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ നേരിട്ട് പ്രധാന പാതയിലേക്ക് കയറിയിറങ്ങുന്നതും, എക്സിറ്റ് റോഡിലൂടെ വൺവേ തെറ്റിച്ച് എൻട്രിയിലേക്ക് പ്രവേശിക്കുന്നതും പതിവായിട്ടുണ്ട്. ചേമഞ്ചേരിയിൽ ഉൾപ്പെടെ തിരക്കേറിയ വാഹനങ്ങൾക്കിടയിലൂടെ വൺവേ തെറ്റിച്ച് ഓട്ടോറിക്ഷകൾ അടക്കമുള്ളവ ചീറിപ്പായുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.
ഇൻഡിക്കേറ്റർ പോലും നൽകാതെ മൂന്ന് വരികളിലൂടെയും മാറിമാറി സഞ്ചരിക്കുന്ന കാറുകളുടെ മത്സരയോട്ടവും പാതയിൽ രൂക്ഷമാണ്. ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുമതിയില്ലെന്നിരിക്കെ, ചെറുതും വലുതുമായ വാഹനങ്ങൾ അങ്ങിങ്ങായി നിർത്തിയിട്ടിരിക്കുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. വാഹനങ്ങൾക്ക് പുറമെ കാൽനടയാത്രക്കാരും നിയമങ്ങൾ കാറ്റിൽപ്പറത്തുകയാണ്. അതിവേഗത്തിൽ വാഹനങ്ങൾ പായുന്ന ട്രാക്കിലൂടെ കാൽനടയാത്രക്കാർ നടന്നുപോകുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കും.
അതേസമയം, ദേശീയപാതയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടില്ലെന്ന ധാരണയിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി. പാതയിൽ 24 മണിക്കൂറും ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടെന്നും, അനധികൃത പാർക്കിങ്ങിനും തെറ്റായ ദിശയിലൂടെയുള്ള യാത്രയ്ക്കും കോടതി നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. എക്സിറ്റിലൂടെ പ്രവേശിക്കുന്നവരുടെയും എൻട്രിയിലൂടെ തെറ്റായി സഞ്ചരിക്കുന്നവരുടെയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































