കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സർക്കാർ സ്പെഷ്യൽ ഓർഡർ പ്രകാരം 28 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം അനുവദിച്ചതിനെതിരെ എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സ്കൂളിലേക്ക് നടത്തിയ മാർച്ച് പോലീസ് പ്രധാനകവാടത്തിൽ തടഞ്ഞതോടെയാണ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായത്. ഇതിനിടെ സ്കൂൾ ഗേറ്റ് ഇളകിമാറി. തുടർന്ന് സ്കൂൾ വളപ്പിൽ പ്രവേശിച്ച പ്രവർത്തകർ പ്രിൻസിപ്പലിന്റെ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രിൻസിപ്പൽ സ്ഥലത്തില്ലാത്തതിനാൽ മറ്റ് അധ്യാപകരുമായാണ് പ്രതിഷേധക്കാർ ചർച്ച നടത്തിയത്.
അലോട്ട്മെന്റ് വഴി അർഹരായ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിൽ, വൈകിയ സമയത്ത് 28 പേർക്ക് സ്പെഷ്യൽ ഓർഡർ പ്രകാരം പ്രവേശനം അനുവദിച്ചതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. രണ്ടുദിവസത്തിനകം വിഷയത്തിൽ വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഏകജാലക പ്രവേശന സംവിധാനം അട്ടിമറിച്ചും ഭരണസ്വാധീനം ഉപയോഗിച്ചുമാണ് കൂട്ടത്തോടെ സ്പെഷ്യൽ ഓർഡർ വഴി പ്രവേശനം അനുവദിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. ഡി.വൈ.എഫ്.ഐ. കുന്നുമ്മൽ ബ്ലോക്ക് സെക്രട്ടറി കെ. രിജിൽ, പ്രസിഡന്റ് വി.ആർ. വിജിത്ത്, എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി അഭിരാം പ്രകാശ്, പ്രസിഡന്റ് അബി വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
അതേസമയം, സ്കൂൾ വിഷയത്തിൽ എം.എൽ.എ.ക്കെതിരെ വ്യക്തിപരമായ അധിക്ഷേപം ലക്ഷ്യമിട്ടുള്ള ആസൂത്രിത സമരമാണ് എസ്.എഫ്.ഐ.യും ഡി.വൈ.എഫ്.ഐ.യും നടത്തുന്നതെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പരമാവധി വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുകയെന്നതാണ് സർക്കാർ നയമെന്നും, ഇതിന്റെ ഭാഗമായി പ്രവേശന സൗകര്യങ്ങൾ ഒരുക്കിയതിൽ രാഷ്ട്രീയവിവാദം സൃഷ്ടിക്കേണ്ടതില്ലെന്നും കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി. യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് സംസാരിച്ചു. ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വി.പി. മൊയ്തുവിന്റെ അധ്യക്ഷതയിൽ ചേർന്ന കുറ്റ്യാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി യോഗവും ആവശ്യപ്പെട്ടു.
സ്പെഷ്യൽ ഓർഡർ അഡ്മിഷനുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സ്കൂളിലേക്ക് അതിക്രമിച്ചു കയറുകയും അക്രമം നടത്തുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ പോലീസിൽ പരാതി നൽകി. അധ്യാപകരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തി ഭയാനകാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് ഓഫീസ് പ്രവർത്തനങ്ങളെയും കുട്ടികളുടെ പഠനത്തെയും സാരമായി ബാധിച്ചതായും പരാതിയിൽ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































