കോഴിക്കോട് : കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ദേശീയപാതകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ മൂന്ന് മാസത്തിനിടെ കണ്ടെത്തിയത് 12,179 ഗതാഗത നിയമലംഘനങ്ങൾ. പരിശോധിച്ച 22,505 വാഹനങ്ങളിൽ പകുതിയിലേറെയും നിയമം ലംഘിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആറുവരിപ്പാതയിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടൽ, ട്രാക്ക് തെറ്റിച്ചുള്ള യാത്ര, അപകടകരമായ ഓവർടേക്കിങ്, തെറ്റായ ദിശയിലൂടെയുള്ള ഡ്രൈവിങ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ കുറ്റങ്ങൾ. ദേശീയപാതകളിൽ മോട്ടോർ വാഹന വകുപ്പിന് സ്വന്തമായി നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥർ നേരിട്ട് ചിത്രങ്ങൾ പകർത്തിയാണ് നിലവിൽ നടപടികൾ സ്വീകരിക്കുന്നത്.
നൂറ് കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ കടന്നുപോകുന്ന ആറുവരിപ്പാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനാനുമതിയില്ലെങ്കിലും, ഇവയുടെ സഞ്ചാരം നിയന്ത്രിക്കാൻ കൃത്യമായ സംവിധാനമില്ലാത്തത് വലിയ അപകടഭീഷണി ഉയർത്തുന്നുണ്ട്. കോഴിക്കോട് പന്തീരാങ്കാവിലെ ടോൾ പ്ലാസ ക്യാമറ കൺട്രോൾ റൂമിൽ നിന്നുള്ള നിരീക്ഷണത്തിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള 28.4 കിലോമീറ്റർ പാതയിൽ മാത്രം പ്രതിദിനം നൂറിലേറെ നിയമലംഘനങ്ങളാണ് കണ്ടെത്തുന്നത്. അപകടകരമായ അഭ്യാസപ്രകടനങ്ങളും മത്സരയോട്ടവും ഒഴിവാക്കി യാത്രക്കാർ റോഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, റോഡ് സുരക്ഷയ്ക്കായി എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് 'ജീവ-സുയാത്ര' മിഷന്റെ അംബാസഡറായ നടൻ മമ്മൂട്ടി ഓർമ്മിപ്പിച്ചു. പൊതുറോഡുകളിലെ അമിതവേഗതയും അഭ്യാസങ്ങളും സ്വന്തം ജീവന് മാത്രമല്ല, മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്നും ഒരു മിനിറ്റ് വൈകിയാലും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ ചെറുപ്പം മുതലേ റോഡ് നിയമങ്ങളും പൗരബോധവും പഠിപ്പിക്കണമെന്നും, ബസുകളുടെ മത്സരയോട്ടം ഒഴിവാക്കാൻ സമയക്രമത്തിലും റൂട്ടുകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും നിർദ്ദേശമുയർന്നിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































