വടകര : ഏറെനാളത്തെ കാത്തിരിപ്പിനും ആവശ്യത്തിനുമൊടുവിൽ വടകര റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ ബൂത്തിന് സമീപം മേൽക്കൂര സ്ഥാപിച്ചു. അമൃതഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതോടെ യാത്രക്കാർക്ക് ഇനി വെയിലും മഴയും ഏൽക്കാതെ ഓട്ടോറിക്ഷകളിൽ കയറാൻ സാധിക്കും.
അമൃതഭാരത് പദ്ധതി പ്രകാരം സ്റ്റേഷൻ നവീകരിച്ച് ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും, പ്ലാറ്റ്‌ഫോമിൽനിന്ന് ഓട്ടോ ബൂത്തിലേക്ക് നടന്നുപോകുന്ന ഭാഗത്ത് മേൽക്കൂര ഇല്ലാത്തത് യാത്രക്കാരെ ഏറെ വലച്ചിരുന്നു. വലിയ ലഗേജുകളുമായി എത്തുന്നവരും കൈക്കുഞ്ഞുങ്ങളുമായി വരുന്നവരും രോഗികളുമെല്ലാം മഴയും വെയിലും കൊണ്ടാണ് ഇവിടെ വരിനിന്നിരുന്നത്. പുതിയ മേൽക്കൂര സ്ഥാപിച്ചതോടെ ഈ ദുരിതത്തിന് ശാശ്വത പരിഹാരമായി.
മേൽക്കൂര യാഥാർത്ഥ്യമായെങ്കിലും സ്റ്റേഷനിൽ ആവശ്യത്തിന് ഓട്ടോറിക്ഷകൾ ലഭിക്കുന്നില്ലെന്ന പരാതി ഇപ്പോഴും ശക്തമാണ്. ഇരുഭാഗങ്ങളിൽനിന്നും ട്രെയിനുകൾ എത്തുന്ന സമയത്തും കുറഞ്ഞ ഇടവേളകളിൽ വണ്ടികൾ വരുമ്പോഴും ഓട്ടോ ലഭിക്കാൻ യാത്രക്കാർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. സ്റ്റേഷനിൽ കാർട്ട് ഫീ നൽകി സർവീസ് നടത്തുന്ന ഓട്ടോകളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിലേക്കുള്ള സമീപ റോഡുകളുടെ ശോച്യാവസ്ഥയാണ് സർവീസ് കുറയാൻ പ്രധാന കാരണമായി ഓട്ടോത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. സ്റ്റേഷൻ പരിസരത്തെ റോഡുകൾ വൺവേ ആക്കിയതിനാൽ പുറത്തേക്ക് പോകുന്ന വാഹനങ്ങൾ കീർത്തിമുദ്ര തിയേറ്ററിന് സമീപത്തുകൂടിയുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ് കടന്നുപോകേണ്ടത്. കൂടാതെ, പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകേണ്ട ഓട്ടോകൾ ആശ്രയിക്കുന്ന ഗസ്റ്റ് ഹൗസ്-റെയിൽവേ സ്റ്റേഷൻ റോഡിന്റെ നിർമ്മാണവും പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കിയാൽ മാത്രമേ സ്റ്റേഷനിലെ ഓട്ടോക്ഷാമത്തിന് പരിഹാരമാകൂ എന്നാണ് യാത്രക്കാരുടെയും തൊഴിലാളികളുടെയും വിലയിരുത്തൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































