ആലപ്പുഴ : മാവേലിക്കരയ്ക്ക് സമീപം മാങ്കാംകുഴിയിൽ മദ്യലഹരിയിലെത്തിയ പിതാവ് ഭാര്യയുടെ മടിയിലിരുന്ന ഒന്നരവയസ്സുകാരിയായ മകളെ പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശിയായ നിർമ്മാണത്തൊഴിലാളി പരിതോഷ് മൊണ്ടേലിന്റെ മകൾ ദീപികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് പരിതോഷ് മൊണ്ടേലിനെ കുറത്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് മാതാപിതാക്കൾ കുഞ്ഞുമായി മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിയത്. കുട്ടി വീണ് പരിക്കേറ്റതാണെന്നാണ് ഇവർ ആദ്യം ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ, ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ കണ്ട പരിക്കുകളുടെ പാടുകളിൽ സംശയം തോന്നിയ ഡ്യൂട്ടി ഡോക്ടർമാർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണം ഒളിച്ചുവെക്കാൻ മാതാപിതാക്കൾ ശ്രമിച്ചതായി പോലീസ് പറഞ്ഞു.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യം പുറത്തായത്. മദ്യലഹരിയിൽ വീട്ടിലെത്തിയ പരിതോഷ് ഭാര്യയുടെ മടിയിലിരുന്ന ദീപികയെ പിടിച്ചുവാങ്ങി നിലത്തടിക്കുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
ദമ്പതികൾക്ക് കൊല്ലപ്പെട്ട ദീപികയെ കൂടാതെ മൂത്ത ഒരു കുട്ടി കൂടിയുണ്ട്. പ്രതി ഈ കുട്ടിയെയും ഉപദ്രവിച്ചിട്ടുണ്ടോ എന്നും കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. നിലവിൽ മാവേലിക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group























































