തിരുവനന്തപുരം : ചാലയിലെ സ്വർണക്കവർച്ച കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. വർഷങ്ങളായി ചാലയിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിനെ തകർക്കാൻ മഹാരാഷ്ട്ര സ്വദേശി തന്നെയായ അമുൽ ആസൂത്രണം ചെയ്തതാണ് ഈ കവർച്ചയെന്ന് അന്വേഷണസംഘം കണ്ടെത്തി. ക്രിമിനൽ പശ്ചാത്തലമുള്ള അനിലിനെയും കൂട്ടുപിടിച്ചാണ് അമുൽ കവർച്ചയ്ക്ക് പദ്ധതിയിട്ടത്. ശനിയാഴ്ച രാത്രിയോടെ അമുൽ ഉൾപ്പെടെ ആറ് പ്രതികളെ പോലീസ് പിടികൂടി. അമുലിനെയും മറ്റൊരാളെയും തിരുവനന്തപുരത്തുനിന്നും നാല് പേരെ വയനാട് ലക്കിടിയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കവർച്ചയ്ക്ക് ശേഷം ചാലയിൽ നടന്ന പോലീസ് പരിശോധനയിൽ ഒന്നുമറിയാത്ത ഭാവത്തിൽ അമുലും ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.
നന്ദകുമാർ കടപൂട്ടി ഇറങ്ങുന്ന കൃത്യമായ സമയം മോഷ്ടാക്കൾക്ക് കൈമാറിയതും കവർച്ചയ്ക്കായി സാമ്പത്തിക സഹായം നൽകിയതും അമുലായിരുന്നു. രേഖകളില്ലാത്ത സ്വർണമായതിനാൽ പരാതി ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് മോഷണമുതൽ പങ്കിട്ടെടുക്കാൻ പ്രതികൾ തീരുമാനിച്ചത്. വ്യാഴാഴ്ച രാത്രി 10.30-ഓടെ കടപൂട്ടി വീട്ടിലേക്ക് പോകാനായി ഇറങ്ങിയ നന്ദകുമാറിൽ നിന്ന് ഹോണ്ട സി.ബി. 350 ബൈക്കിലെത്തിയ സംഘം സ്വർണം തട്ടിപ്പറിക്കുകയായിരുന്നു. ശുദ്ധീകരിക്കുന്നതിനായി മറ്റ് നാല് അഞ്ച് കടക്കാർ ഏൽപ്പിച്ച സ്വർണമായിരുന്നു ഇതെന്ന് നന്ദകുമാർ വ്യക്തമാക്കിയിരുന്നു.
കൃത്യത്തിന് ശേഷം ബൈക്കിൽ തമിഴ്‌നാട് അതിർത്തി വരെ സഞ്ചരിച്ച സംഘം, അവിടെ ബൈക്ക് ഉപേക്ഷിച്ച് കാറിലാണ് രക്ഷപ്പെട്ടത്. എന്നാൽ, പ്രതികൾ ഉപയോഗിച്ച ഹോണ്ട ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉടമ അനിലാണെന്ന് തിരിച്ചറിഞ്ഞത് കേസിൽ വഴിത്തിരിവായി. തുടർന്ന് പ്രതികൾ സഞ്ചരിച്ച കാർ ബെംഗളൂരുവിലെ ടോൾ പ്ലാസ കടന്നതോടെ പോലീസിന് കൃത്യമായ വിവരം ലഭിച്ചു. ശനിയാഴ്ച ഉച്ചയോടെ മൈസൂരിലെത്തിയ സംഘം വൈകുന്നേരം കേരളത്തിലേക്ക് കടന്നതോടെ പിന്തുടർന്നെത്തിയ പോലീസ് ഇവരെ വലയിലാക്കുകയായിരുന്നു. പിടിയിലായവരിൽ നിന്ന് 450 ഗ്രാം സ്വർണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ അളവും കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































