മണിയൂർ : മൂഴിക്കൽ ലോക്ക് കം ബ്രിഡ്‌ജ് പദ്ധതിയുടെ പാലം തുറന്ന് എട്ടുമാസം കഴിഞ്ഞിട്ടും ഉപ്പുവെള്ളം തടയുന്നതിനുള്ള ലോക്കിന്റെ പ്രവൃത്തികൾ ഇഴയുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. കുറ്റ്യാടിപ്പുഴയിൽനിന്ന് വടകര-മാഹി കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ ഉൾനാടൻ ജലഗതാഗതവകുപ്പ് 32 കോടി രൂപ ചെലവിലാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും ലോക്കിന്റെ പണികൾ പൂർത്തിയായിരുന്നില്ല. നവംബർ-ഡിസംബർ മാസത്തോടെ പുഴയിൽനിന്ന് കനാലിലേക്ക് ഉപ്പുവെള്ളം കയറിത്തുടങ്ങും. വെള്ളം കൃഷിയിടങ്ങളിൽ എത്തിയാൽ കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നതിനാൽ തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളിലെ കർഷകർ കടുത്ത ആശങ്കയിലാണ്. കന്നിനട, കോട്ടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലായി അഞ്ഞൂറോളം ഏക്കർ സ്ഥലത്തെ കൃഷിയെ ഇത് ബാധിക്കും. ഒരുതവണ ഉപ്പുവെള്ളം കയറിയാൽ മൂന്നുവർഷത്തോളം കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത് എന്ന് കർഷകർ വ്യക്തമാക്കുന്നു.
മെക്കാനിക്കൽ പ്രവൃത്തികൾ ബാക്കി
ലോക്ക് സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും ഷട്ടർ ലിഫ്റ്റിങ് സംവിധാനം ഉൾപ്പെടെയുള്ള മെക്കാനിക്കൽ പ്രവൃത്തികൾ പൂർത്തിയായിട്ടില്ല. മോട്ടോറും റോപും സ്ഥാപിച്ചുവേണം ഷട്ടറുകൾ ഉയർത്താനും താഴ്ത്താനും. യു.എൽ.സി.സി.എസാണ് ഈ പ്രവൃത്തികൾ ചെയ്യുന്നത്. ഇതിനുശേഷമാണ് പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കൽ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതടക്കമുള്ള ഇലക്ട്രിക്കൽ പ്രവൃത്തികൾ തുടങ്ങേണ്ടത്. ഇവയെല്ലാം പൂർൂർത്തിയാക്കി ഷട്ടർ പ്രവർത്തനക്ഷമമാകാൻ ഇനിയും രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്നാണ് വിവരം.
അപ്പോഴേക്കും ഉപ്പുവെള്ളം കനാലിലേക്ക് കയറിത്തുടങ്ങുമെന്നതിനാൽ കർഷകരുടെ ആശങ്കയകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം വടകര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ കർഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എൽ.എയും കേരള കർഷകസംഘം ജില്ലാ പ്രസിഡന്റുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































